തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് വിപുലമായ ഗതാഗത, പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. ഉച്ചയ്ക്ക് 2.30നാണ് മത്സരം ആരംഭിക്കുന്നത്. സുരക്ഷയുടെ ഭാഗമായി രാവിലെ എട്ട് മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധനയുണ്ടാകും. ഈ സമയത്തിന് ശേഷം ടിക്കറ്റുള്ള കാണികളെ മാത്രമേ കാര്യവട്ടം ഭാഗത്തേക്ക് പ്രവേശിപ്പിക്കൂ.
മത്സരം കാണാനെത്തുന്നവർക്കായി വിവിധ സ്ഥലങ്ങളിൽ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ്, കാര്യവട്ടം ഗവൺമെന്റ് കോളേജ്, ബി.എഡ് സെന്റർ, എൽ.എൻ.സി.പി.ഇ ഗ്രൗണ്ട്, അൽസാജ് കൺവെൻഷൻ സെന്റർ പാർക്കിങ് ഗ്രൗണ്ട്, ഗ്രീൻഫീൽഡ് സ്റ്റേഡിയം പാർക്കിങ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് കാണികൾക്കുള്ള പാർക്കിങ് സൗകര്യം.
വിഐപികൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കും ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് പിന്നിലുള്ള സ്റ്റേഡിയം പാർക്കിങ് ഗ്രൗണ്ടിലും വിവിഐപികൾക്ക് ക്ലബ് ഹൗസിന് സമീപവും പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. പാർക്കിങ് സ്ഥലങ്ങളിൽ നിന്ന് സ്റ്റേഡിയത്തിലേക്കും മത്സരം കഴിഞ്ഞ് തിരികെ പാർക്കിങ് സ്ഥലങ്ങളിലേക്കും കെസിഎ പ്രത്യേക വാഹന സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 10 മണി മുതൽ പാർക്കിങ് ഗ്രൗണ്ടുകൾ പ്രവർത്തിക്കും.
നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കാറുകളിൽ പരമാവധി ആളുകളെ ഉൾപ്പെടുത്തി യാത്ര ചെയ്യണമെന്നും പൊലീസ് നിർദ്ദേശിച്ചു. തിരുവനന്തപുരത്ത് നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വെട്ടുറോഡ് വഴി തീരദേശ റോഡ് ഉപയോഗിക്കണം.
ശ്രീകാര്യം ഭാഗത്തുനിന്ന് വരുന്നവർ ചാവടിമുക്ക്-കുളത്തൂർ വഴി യാത്ര ചെയ്യണം. ചെങ്കോട്ടുകോണം-കാര്യവട്ടം റൂട്ടിലും ഗതാഗത നിയന്ത്രണമുണ്ടാകും.
സ്റ്റേഡിയം പരിസരത്തെ തിരക്ക് ഒഴിവാക്കാൻ സ്വകാര്യ വാഹനങ്ങൾ പരമാവധി ഒഴിവാക്കി കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകളോ മറ്റ് പൊതുഗതാഗത സംവിധാനങ്ങളോ ഉപയോഗിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങളോട് പൊതുജനങ്ങൾ പൂർണമായി സഹകരിക്കണമെന്നും സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.




