കോഴിക്കോട്: ആരോഗ്യ മേഖലയിൽ മുന്നിലെന്ന് അവകാശപ്പെടുന്ന കേരളം സെർവിക്കൽ കാൻസർ പ്രതിരോധത്തിനുള്ള എച്ച്.പി.വി. വാക്സിനേഷനിൽ പിന്നിൽ. അവബോധക്കുറവും വാക്സിൻ എടുക്കാനുള്ള ഭയവുമാണ് കുറഞ്ഞ വാക്സിനേഷൻ നിരക്കിന് കാരണമെന്നാണ് വിലയിരുത്തൽ.
രാജ്യത്തെ 14 വയസുള്ള പെൺകുട്ടികൾക്ക് സൗജന്യ എച്ച്.പി.വി. വാക്സിൻ നൽകുന്ന ദേശീയ കാമ്പയിനിലാണ് കേരളത്തിന്റെ പ്രകടനം പിന്നിലായത്. ഗുജറാത്ത്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മിസോറം എന്നീ സംസ്ഥാനങ്ങൾ ലക്ഷ്യമിട്ട മുഴുവൻ കുട്ടികൾക്കും വാക്സിൻ നൽകി 100 ശതമാനം നേട്ടം കൈവരിച്ചു. ബിഹാർ, ആന്ധ്രപ്രദേശ്, അസം എന്നിവിടങ്ങളിൽ 90 ശതമാനത്തിലധികം പേരും കർണാടകയിൽ 85 ശതമാനം പേരും വാക്സിൻ സ്വീകരിച്ചു. കേരളമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ വാക്സിനേഷൻ ശരാശരി 60 ശതമാനം മാത്രമാണ്.
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് 80 ലക്ഷത്തിലേറെ എച്ച്.പി.വി. വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ട്. കേരളത്തിൽ ലക്ഷ്യമിട്ട 2,68,864 പെൺകുട്ടികളിൽ 1,72,747 പേരാണ് വാക്സിൻ സ്വീകരിച്ചത്. അതായത് 64.25 ശതമാനം.
ജില്ലാതലത്തിൽ പത്തനംതിട്ടയാണ് മുന്നിൽ. ലക്ഷ്യമിട്ട പെൺകുട്ടികളിൽ 97.08 ശതമാനം പേരും ഇവിടെ വാക്സിൻ സ്വീകരിച്ചു. കൊല്ലം 88.12 ശതമാനവും കോട്ടയം 86.32 ശതമാനവും ആലപ്പുഴ 85.89 ശതമാനവും തിരുവനന്തപുരം 85.71 ശതമാനവും നേടി. ഇടുക്കിയിൽ 81.70 ശതമാനവും എറണാകുളത്ത് 75.34 ശതമാനവും തൃശ്ശൂരിൽ 73.32 ശതമാനവും വയനാട്ടിൽ 73.29 ശതമാനവുമാണ് വാക്സിനേഷൻ നിരക്ക്.
കണ്ണൂരിൽ 56.70 ശതമാനവും പാലക്കാട് 56.61 ശതമാനവും കാസർകോട് 45.88 ശതമാനവുമാണ് വാക്സിനേഷൻ. മലപ്പുറമാണ് ഏറ്റവും പിന്നിൽ. ലക്ഷ്യമിട്ട 44,929 പെൺകുട്ടികളിൽ 14,017 പേർ മാത്രമാണ് വാക്സിൻ സ്വീകരിച്ചത്. 31.20 ശതമാനം മാത്രമാണ് ജില്ലയിലെ വാക്സിനേഷൻ നിരക്ക്.
സെർവിക്കൽ കാൻസറിന് കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസിനെതിരായ പ്രതിരോധമാണ് എച്ച്.പി.വി. വാക്സിനേഷനിലൂടെ ലക്ഷ്യമിടുന്നത്.




