തൃശൂര്‍: തൃശൂർ പെരിഞ്ഞനത്ത് ദേശീയപാത 66ൽ സ്വകാര്യ ബസ് ബോർവെൽ ഡ്രില്ലിങ് വാഹനത്തിൽ ഇടിച്ച് അപകടം. രാവിലെ 6.45ഓടെയാണ് അപകടമുണ്ടായത്. ബസിന് കാര്യമായ കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഗുരുവായൂരിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇതേ ദിശയിൽ സഞ്ചരിച്ചിരുന്ന ബോർവെൽ ഡ്രില്ലിങ് വാഹനത്തെ മറികടക്കുന്നതിനിടെയാണ് കൂട്ടിയിടിച്ചത്.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടായി. തുടർന്ന് പെരിഞ്ഞനം പൊലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.


