ഇടുക്കി: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും കേരള കോൺഗ്രസ് ബി നേതാവുമായ കെ.ബി. ഗണേഷ് കുമാർ. എൻ.എസ്.എസിനെ ‘ദുഷ്ടന്റെയും ഭീരുവിന്റെയും കൈയിൽനിന്ന് രക്ഷിക്കണം’ എന്ന് ഗണേഷ് കുമാർ പറഞ്ഞു. സംഘടനയെ ‘എം.എസ്.എസ്’ (മക്കൾ സർവീസ് സൊസൈറ്റി) ആക്കി മാറ്റാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
ബന്ധുക്കൾക്ക് ജോലി ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഒരു ലീഗ് മന്ത്രിയെ പൊന്നാടയണിയിച്ച് സ്വീകരിച്ചതെന്നും ഗണേഷ് കുമാർ ആരോപിച്ചു. കോൺഗ്രസ് മന്ത്രിമാരെ ഇതേ രീതിയിൽ സ്വീകരിക്കാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഭാര്യമാർക്കും മക്കൾക്കും ജോലി നൽകി ആളുകളെ സ്വാധീനിക്കുകയും അടിമകളാക്കുകയുമാണ് സുകുമാരൻ നായർ ചെയ്യുന്നതെന്നും ഗണേഷ് കുമാർ ആരോപിച്ചു.
മന്നത്ത് അനുസ്മരണ പരിപാടികളിൽ മുസ്ലിം പണ്ഡിതരെയോ സമുദായ നേതാക്കളെയോ ക്ഷണിക്കുമോയെന്നും ഗണേഷ് കുമാർ ചോദിച്ചു. ചങ്ങനാശേരിയിലെ ചന്ദനക്കുടം നേർച്ച നിർത്താൻ ഇടപെട്ടത് സുകുമാരൻ നായരാണെന്നും, അതേസമയം മുസ്ലിം സമുദായത്തോട് സ്നേഹമാണെന്ന് പറയുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം വിമർശിച്ചു.
അമൃതാനന്ദമയിയെ ജാതീയമായി അധിക്ഷേപിച്ച വ്യക്തിയാണ് സുകുമാരൻ നായരെന്നും ഗണേഷ് കുമാർ ആരോപിച്ചു. അതേസമയം, അദ്ദേഹത്തിന്റെ കൊച്ചുമകൻ അമൃതാനന്ദമയിയുടെ കോളേജിൽ എം.ടെക് പഠിക്കുകയാണെന്നും പഠനം പൂർത്തിയാക്കിയാൽ പാലക്കാട് എൻജിനീയറിങ് കോളേജിൽ ജോലി ലഭിക്കുമെന്നുമാണ് ഗണേഷ് കുമാറിന്റെ ആരോപണം.
ഗോഡ്ഫാദർ സിനിമയിലെ അഞ്ഞൂറാനുമായി സുകുമാരൻ നായരെ താരതമ്യം ചെയ്ത ഗണേഷ് കുമാർ, എൻ.എസ്.എസിലെ പല താലൂക്ക് യൂണിയൻ സെക്രട്ടറിമാരുടെയും അവസ്ഥ സിനിമയിലെ ഹരിശ്രീ അശോകന്റെ കഥാപാത്രത്തിന് സമാനമാണെന്നും പരിഹസിച്ചു.
ജനാധിപത്യത്തിൽ വിശ്വാസമുണ്ടെങ്കിൽ ഹൈറേഞ്ച് ഉൾപ്പെടെയുള്ള മേഖലകളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഔദ്യോഗിക പാനലിനെതിരെ വോട്ട് ചെയ്യാൻ അംഗങ്ങൾ ധൈര്യം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീകൾ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും തെറ്റ് ചെയ്യുന്നവരെ ചോദ്യം ചെയ്യണമെന്നും ഗണേഷ് കുമാർ പറഞ്ഞു.
മന്നത്ത് സമാധി എല്ലാവർക്കുമായി തുറന്നുകൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുൻപ് എ.കെ. ആന്റണിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഷൂസ് ധരിച്ച് സമാധിയിൽ പ്രവേശിച്ച സംഭവത്തിൽ സുകുമാരൻ നായർ നടത്തിയ വിമർശനവും ഗണേഷ് കുമാർ പരാമർശിച്ചു.




