ന്യൂഡൽഹി: ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് സംഘടനാ ഒരുക്കങ്ങൾ ശക്തമാക്കി ബിജെപി. പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പുതുതായി നിയമിച്ച സംസ്ഥാന പ്രഭാരിമാരുടെയും സഹപ്രഭാരിമാരുടെയും യോഗം വിളിച്ചു. സെപ്റ്റംബർ 29ന് ഡൽഹിയിലെ ബിജെപി ആസ്ഥാനത്താണ് യോഗം ചേരുക.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ സംഘടനാ സംവിധാനത്തിൽ അഴിച്ചുപണിയും ശക്തിപ്പെടുത്തലും നടത്തിയതിന് പിന്നാലെയാണ് പുതിയ പ്രഭാരിമാരുടെയും സഹപ്രഭാരിമാരുടെയും യോഗം വിളിച്ചിരിക്കുന്നത്.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ നേരിടുന്നതിനുള്ള തന്ത്രങ്ങളും യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് വിവരം. ഓരോ സംസ്ഥാനത്തെയും നിലവിലെ രാഷ്ട്രീയ സാഹചര്യവും സംഘടന നേരിടുന്ന വെല്ലുവിളികളും പ്രഭാരിമാരും സഹപ്രഭാരിമാരും യോഗത്തിൽ വിശദീകരിക്കും.
സെപ്റ്റംബർ 24നാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമുള്ള പുതിയ പ്രഭാരിമാരെയും സഹപ്രഭാരിമാരെയും ബിജെപി പ്രഖ്യാപിച്ചത്. ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയ്ക്കാണ് ഉത്തർപ്രദേശിന്റെ ചുമതല.
സതീഷ് പൂനിയയ്ക്ക് പഞ്ചാബിന്റെയും രാം മാധവിന് ഉത്തരാഖണ്ഡിന്റെയും ചുമതലയാണ് നൽകിയിരിക്കുന്നത്. ഹരിയാണയുടെയും ഹിമാചൽ പ്രദേശിന്റെയും ചുമതല സ്മൃതി ഇറാനിക്കാണ്.












