തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് ഇന്ന് ഉപതെരഞ്ഞെടുപ്പ്. രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് ആരംഭിച്ചു. രണ്ട് കോർപറേഷൻ വാർഡുകൾ, മൂന്ന് നഗരസഭാ വാർഡുകൾ, മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമ പഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
എറണാകുളം, കോഴിക്കോട് കോർപറേഷനുകളിലെ ഓരോ വാർഡുകളിലാണ് മത്സരം. തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലെ നഗരസഭാ വാർഡുകളിലും തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിലെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഉപതെരഞ്ഞെടുപ്പ് നടക്കും.
വാർഡ് അംഗങ്ങൾ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് എട്ട് വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. സുധീർഷാ പാലോട്, ദീപക് ജോയി, ഫാത്തിമ തെഹ്ലിലിയ, സി.വി. ശാന്തകുമാർ, വിനു ജോബ്, ടി.എം. ശശി, സുമേഷ് അച്യുതൻ, ഉഷാ വിജയൻ എന്നിവർ എംഎൽഎമാരായതോടെയാണ് ഈ ഒഴിവുകൾ ഉണ്ടായത്. കൂടാതെ, എറണാകുളം ജില്ലയിലെ പൂതൃക്ക പഞ്ചായത്തിൽ ട്വന്റി20 അംഗം രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. നിലവിലെ കണക്കനുസരിച്ച് 38 വാർഡുകളിൽ 22 എണ്ണം യുഡിഎഫിന്റെയും 15 എണ്ണം എൽഡിഎഫിന്റെയും സിറ്റിംഗ് വാർഡുകളാണ്. ഒരു വാർഡിൽ ട്വന്റി20 ആയിരുന്നു നിലവിലെ അംഗം.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള മുന്നണികളുടെ ആദ്യ പ്രധാന രാഷ്ട്രീയ പരീക്ഷണമായാണ് ഉപതെരഞ്ഞെടുപ്പിനെ മുന്നണികൾ കാണുന്നത്. അതുകൊണ്ടുതന്നെ പ്രാദേശിക വിഷയങ്ങൾക്കൊപ്പം സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളും പ്രചാരണത്തിൽ സജീവമായി.
സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ഉയർത്തിക്കാട്ടിയായിരുന്നു യുഡിഎഫിന്റെ പ്രചാരണം. പവർകട്ട് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി എൽഡിഎഫും എൻഡിഎയും സർക്കാരിനെതിരെ പ്രചാരണം നടത്തി. മുഖ്യമന്ത്രിയുടെ വിമാനയാത്രയും മന്ത്രിമാരുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളും പ്രചാരണത്തിൽ ചർച്ചയായി.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പായതിനാൽ മൂന്ന് മുന്നണികളും വലിയ പ്രാധാന്യത്തോടെയാണ് തെരഞ്ഞെടുപ്പിനെ കാണുന്നത്. വോട്ടെടുപ്പിന് ശേഷം ഫലം മുന്നണികളുടെ തദ്ദേശതല രാഷ്ട്രീയ നിലപാടുകൾക്ക് കൂടുതൽ വ്യക്തത നൽകും.












