തിരുവനന്തപുരം: കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് റെഡ് അലേർട്ട് ഇന്ന് കൂടി തുടരും. സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ശക്തമായ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. രാവിലെ 10.30 വരെ 1 മീറ്റർ മുതൽ 1.5 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രമായ INCOIS അറിയിച്ചത്.
താഴ്ന്ന തീരപ്രദേശങ്ങളിൽ വെള്ളം കയറാനും കടലാക്രമണം ഉണ്ടാകാനും സാധ്യതയുണ്ട്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിൽ ഇറക്കരുതെന്നും മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായി കെട്ടിയിടണമെന്നും നിർദേശമുണ്ട്.
തമിഴ്നാട്, ലക്ഷദ്വീപ് തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കന്യാകുമാരി തീരത്ത് സെപ്റ്റംബർ 28 രാവിലെ 10.30 വരെ 1.4 മുതൽ 1.5 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും INCOIS മുന്നറിയിപ്പ് നൽകി.












