ചെന്നൈ: സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും സ്വർണമോതിരം സമ്മാനമായി നൽകുന്ന ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി ജോസഫ് വിജയ് നിർവഹിക്കും.
മധുര ഗവൺമെന്റ് രാജാജി ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ 25 കുഞ്ഞുങ്ങൾക്ക് മുഖ്യമന്ത്രി സ്വർണമോതിരം സമ്മാനിക്കും.
ഈ വർഷം ജൂൺ 22ന് ശേഷം ജനിച്ച കുട്ടികൾക്കാണ് ഒരു ഗ്രാം തൂക്കമുള്ള 22 കാരറ്റ് സ്വർണമോതിരം ലഭിക്കുക. ജൂൺ 22 മുതൽ സെപ്റ്റംബർ 22 വരെ ജനിച്ച കുട്ടികൾക്ക് 107 കേന്ദ്രങ്ങളിലൂടെയാണ് മോതിരം വിതരണം ചെയ്യുന്നത്. തിങ്കളാഴ്ച മുതൽ ജനിക്കുന്ന കുട്ടികൾക്ക് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമ്പോൾ തന്നെ മോതിരം ലഭിക്കും.
തമിഴ്നാട്ടിൽ സ്ഥിരതാമസക്കാരായ അമ്മമാരുടെ കുട്ടികൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ആദ്യഘട്ടത്തിൽ 1.28 ലക്ഷം സ്വർണമോതിരങ്ങളാണ് വിതരണം ചെയ്യുന്നത്. പദ്ധതിക്കായി 755.83 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.













