ന്യൂഡൽഹി: നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻ.ടി.എ.) പുതിയ ഓഫീസിലും പരിസരത്തും സി.ഐ.എസ്.എഫ് സുരക്ഷ ശക്തമാക്കും.
നീറ്റ് ചോദ്യക്കടലാസ് ചോർച്ച ഉൾപ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷയിലും ഭരണപരമായ നടപടികളിലും ഏജൻസിക്കെതിരെ വീഴ്ചകൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നത്. അടുത്തിടെയാണ് എൻ.ടി.എ. ഓഫീസ് പുതിയ സമുച്ചയത്തിലേക്ക് മാറ്റിയത്.
ഓഫീസ് പരിസരത്തും അതീവ രഹസ്യസ്വഭാവമുള്ള വിഭാഗങ്ങളിലുമാണ് സി.ഐ.എസ്.എഫിന്റെ കർശന സുരക്ഷ ഏർപ്പെടുത്തുക. പുതിയ ഓഫീസിലെ പ്രധാന വിഭാഗങ്ങളെല്ലാം ശക്തമായ നിരീക്ഷണത്തിലായിരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
39 സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർക്കായിരിക്കും എൻ.ടി.എ. പരിസരത്തിന്റെ സുരക്ഷാ ചുമതല. സ്ക്രീനിങ് ഉപകരണങ്ങൾ, മെറ്റൽ ഡിറ്റക്ടറുകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഇവിടെ സ്ഥാപിക്കും.














