എറണാകുളം: മലഞ്ചരക്ക് കടയുടെ തിണ്ണയിൽ നിന്ന് 37 കിലോ ഉണങ്ങിയ അടയ്ക്ക മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കാലാമ്പൂർ ഇഞ്ചക്രാന്തി ഭാഗത്ത് താമസിക്കുന്ന തൊടുപുഴ കുമ്പംകല്ല് തൊട്ടിപറമ്പിൽ വീട്ടിൽ അമീൻ (42) ആണ് മൂവാറ്റുപുഴ പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് മോഷ്ടിച്ച അടയ്ക്ക പൊലീസ് കണ്ടെടുത്തു.
25ന് പകൽ മൂവാറ്റുപുഴ-കടാതി അമ്പലംപടി ഭാഗത്താണ് മോഷണം നടന്നത്. മലഞ്ചരക്ക് കടയുടെ തിണ്ണയിൽ സൂക്ഷിച്ചിരുന്ന ഉണങ്ങിയ അടയ്ക്കയാണ് മോഷ്ടിച്ചത്. മോഷണങ്ങൾ തടയുന്നതിനായി മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആർ. മനോജിന്റെ നിർദേശപ്രകാരം, മൂവാറ്റുപുഴ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് അമീൻ. സമാന സ്വഭാവമുള്ള മറ്റ് കേസുകളിലും ഇയാൾക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. എസ്ഐമാരായ ആർ.ബി. റോഷ്‌നി, ടി.എ. മുഹമ്മദ്, എഎസ്ഐമാരായ കെ.എ. അനസ്, കെ.എം. അനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




