തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുന്നേറ്റമുണ്ടാക്കാൻ സാധിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യു.ഡി.എഫിന്റെ വിജയത്തിന് പിന്നിൽ ബി.ജെ.പിയുമായി ഉണ്ടായ പരസ്യ ധാരണയാണെന്നും ഗോവിന്ദൻ ആരോപിച്ചു.
തിരുവനന്തപുരം ജില്ലയിൽ ബി.ജെ.പി. വോട്ടുകൾ പരസ്യമായി യു.ഡി.എഫിലേക്ക് മാറിയ സാഹചര്യമുണ്ടായെന്ന് ഗോവിന്ദൻ പറഞ്ഞു. യു.ഡി.എഫ് സർക്കാർ ബി.ജെ.പിയുടെ ബി ടീമായി പ്രവർത്തിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ ഡിവിഷനിൽ കഴിഞ്ഞ തവണ ഫാത്തിമ തഹിലിയ നേടിയ 2,275 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ 436 ആയി കുറഞ്ഞു. ഇവിടെ എൽ.ഡി.എഫ് വൻ മുന്നേറ്റം നടത്തിയെന്നും യു.ഡി.എഫിന്റെ വിജയം ജയത്തിനടുത്ത തോൽവിയാണെന്നും ഗോവിന്ദൻ വിലയിരുത്തി.
എറണാകുളം കോർപ്പറേഷനിൽ കഴിഞ്ഞ തവണ 1,183 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് വിജയിച്ച സീറ്റിൽ ഇത്തവണ ഭൂരിപക്ഷം 549 ആയി കുറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മട്ടന്നൂർ നഗരസഭയിൽ എൽ.ഡി.എഫ് വോട്ട് വിഹിതം വർധിപ്പിച്ച് സീറ്റ് നിലനിർത്തി. ചിറ്റൂർ നഗരസഭയിലെ ഡിവിഷൻ ടോസിലൂടെ എൽ.ഡി.എഫിന് ലഭിച്ചതായും ഗോവിന്ദൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് നടന്ന ഏഴ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും എൽ.ഡി.എഫ് മുന്നേറ്റമുണ്ടാക്കി. നേരത്തെ മൂന്ന് സീറ്റുണ്ടായിരുന്ന എൽ.ഡി.എഫ് ഇത്തവണ അത് അഞ്ചായി ഉയർത്തിയപ്പോൾ യു.ഡി.എഫിന്റെ സീറ്റുകൾ നാലിൽ നിന്ന് രണ്ടായി കുറഞ്ഞെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.




