വിഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് അധികാരത്തില്‍ എത്തിയതിന് ശേഷം നടന്ന ആദ്യ ഉപതിരഞ്ഞെടുപ്പില്‍ തന്നെ യുഡിഎഫിന് ക്ഷീണം. വൻ വിജയം നേടിയതുകൊണ്ടല്ല, പകരം നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം തകർന്നടിഞ്ഞ ഒരു മുന്നണിയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടുതുടങ്ങി എന്നിടത്താണ് എൽഡിഎഫിന് ഈ ഫലം നേട്ടമാകുന്നത്. പ്രാദേശിക വിഷയങ്ങളും വ്യക്തിപ്രഭാവങ്ങളും പവര്‍ക്കട്ട് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചായ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മൂന്ന് സീറ്റുകള്‍ നഷ്ടമായപ്പോള്‍ എല്‍ഡിഎഫിന് മൂന്ന് സീറ്റുകള്‍ നേട്ടമായി. ട്വന്റി20ക്ക് സീറ്റ് കിട്ടി എന്നതിനപ്പുറം ബിജെപിക്ക് എവിടെയും സീറ്റുകള്‍ നേടാന്‍ സാധിച്ചില്ല എന്നതും ശ്രദ്ധേയം.
38 വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 18 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ 19 സീറ്റുകളില്‍ യുഡിഎഫും വിജയിച്ചു. ഒരിടത്ത് ട്വന്റി വിജയം നേടി. നിലവിലെ സിറ്റിങ് സീറ്റുകളുടെ കണക്കെടുമ്പോഴാണ് എല്‍ഡിഎഫ് നേട്ടമുണ്ടാക്കിയിരിക്കുന്നത്. വോട്ടെടുപ്പിന് മുമ്പ് യുഡിഎഫിന്റെ കൈവശം 22 സീറ്റുകളും എല്‍ഡിഎഫിന് 15 സീറ്റുകളുമാണ് ഉണ്ടായിരുന്നത്. എറണാകുളം ജില്ലയിലെ പൂതൃക്ക ഗ്രാമപഞ്ചായത്ത് കോലഞ്ചേരി ഈസ്റ്റ് വാര്‍ഡ് ട്വന്റി 20 നിലനിര്‍ത്തുകയായിരുന്നു. എല്‍ഡിഎഫ് യുഡിഎഫിന്റെ ഏഴ് സീറ്റുകള്‍ പിടിച്ചെടുത്തപ്പോള്‍ യുഡിഎഫ് എല്‍ഡിഎഫിന്റെ നാലു സീറ്റുകളാണ് പിടിച്ചെടുത്തത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനുശേഷം നടന്ന ആദ്യ തെഞ്ഞെടുപ്പായിരുന്നു ഇത്. സിറ്റിംഗ് സീറ്റുകള്‍ എല്ലാം നിലനിര്‍ത്താനായില്ലെന്നത് യുഡിഎഫിനെ സംബന്ധിച്ച് ക്ഷീണം തന്നെയാണ്. ജയിച്ച സീറ്റുകളില്‍ ഭൂരിപക്ഷത്തിലും കുറവുണ്ടായിട്ടുണ്ട്.
കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ 38 തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രണ്ട് കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ (എറണാകുളം, കോഴിക്കോട്), മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍ (തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍), മൂന്ന് ജില്ല പഞ്ചായത്ത് വാര്‍ഡുകള്‍ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്), ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവയിലാണ് ഉപതെഞ്ഞടുപ്പ് നടന്നത്. ആകെ 126 സ്ഥാനാര്‍ഥകള്‍ ജനപിന്തുണ തേടി. കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പില്‍ ആകെ 58.81 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. പോളിംഗ് ശതമാനത്തിലെ കുറവാണ് ലീഡ് നില അടക്കം കുറയാന്‍ ഇടയാക്കിയത്.
കോട്ടയത്ത് തൃക്കൊടിത്താനം ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ യുഡിഎഫിന് തിരിച്ചടിയേറ്റു. യുഡിഎഫ് സിറ്റിങ് സീറ്റില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മഞ്ജു സുജിത്ത് 2140 വോട്ടുകള്‍ക്ക് ജയിച്ചു. കോട്ടയം പാമ്പാടി പഞ്ചായത്തിലെ കുമ്പന്താനം വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. സണ്ണി വര്‍ഗീസ് പൂതകുഴിയില്‍ എതിര്‍ സ്ഥാനാര്‍ഥി ഡെയ്സി ബാബുവിനെ 66 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. മീനടം പഞ്ചായത്തിലെ ചീരംകുളം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.
കോഴിക്കോട് കോര്‍പറേഷന്‍ കുറ്റിച്ചിറ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫിന്റെ ഫര്‍സീന അറയ്ക്കല്‍ 436 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. തൃശൂര്‍ ചേലക്കരയില്‍ യുഡിഎഫിന് അട്ടിമറി ജയം. ഇടതുകോട്ടയില്‍ സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. കുറുമല സീറ്റാണ് പിടിച്ചെടുത്തത്. തൃശൂര്‍ തളിക്കുളത്ത് സിറ്റിങ് സീറ്റില്‍ എല്‍ഡിഎഫിന് ജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജി കൃഷ്ണഘോഷ് 28 വോട്ടിന് ജയിച്ചു. വാര്‍ഡ് മെമ്പര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. തൃശൂര്‍ ചാലക്കുടി മുനിസിപ്പാലിറ്റി ഇരുപത്തിനാലാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തളി ഡിവിഷന്‍ യുഡിഎഫ് നിലനിര്‍ത്തി. രവീന്ദ്രന്‍ തിച്ചൂര്‍ ആണ് വിജയിച്ചത്. തൃശൂര്‍ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷനില്‍ 1204 വോട്ട് ഭൂരിപക്ഷത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥി വി.ആര്‍ രമേഷ് വിജയിച്ചു.
പാലക്കാട് ചിറ്റൂര്‍ തത്തമംഗലം നഗരസഭയില്‍ അട്ടിമറി. 24ാം വാര്‍ഡ് നറുക്കെടുപ്പിലൂടെ എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിലെ വി. തുളസീധരനാണ് ജയിച്ചത്. എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നേടിയത് 423 വീതം വോട്ട് വീതം. തുടര്‍ന്ന് നറുക്കെടുക്കുകയായിരുന്നു. പാലക്കാട് ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് 13ാം വാര്‍ഡ് രാഗം കോര്‍ണര്‍ യുഡിഎഫ് പിടിച്ചെടുത്തു. പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തില്‍ 18 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു കുമാരി വിജയിച്ചു. എന്‍ഡിഎക്ക് 21 വോട്ട് ലഭിച്ചു. പാലക്കാട് കരിമ്പ പഞ്ചായത്ത് വെട്ടം 13ാം വാര്‍ഡില്‍ യുഡിഫ് വിജയിച്ചു. പാലക്കാട് മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹേമാംബിക നഗര്‍ ഡിവിഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. തൗഷിക വിജയിച്ചു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അത്തിപ്പൊറ്റ ഡിവിഷന്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു.
പത്തനംതിട്ട അരുവാപുലം പഞ്ചായത്തിലെ കല്ലേലി ആറാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അനില സുരേഷ് 112 വോട്ടുകള്‍ക്ക് വിജയിച്ചു. കൊച്ചി കോര്‍പറേഷന്‍ അയ്യപ്പന്‍കാവ് ഡിവിഷന്‍ യുഡിഎഫ് നിലനിര്‍ത്തി. എറണാകുളം പൂതൃക്ക പഞ്ചായത്ത് കോലഞ്ചേരി ഈസ്റ്റ് വാര്‍ഡ് ട്വന്റി20 നിലനിര്‍ത്തി. 339 വോട്ടിനാണ് ട്വന്റി20 ജയം. എറണാകുളം പറവൂര്‍ വടക്കേക്കര പഞ്ചായത്തിലെ മടപ്ലാതുരുത്ത് കിഴക്ക് വാര്‍ഡ് നിലനിര്‍ത്തി യുഡിഎഫ്. കോണ്‍ഗ്രസിലെ ജോസ് കുനിയന്തോടത്ത് വിജയിച്ചു. എറണാകുളം ജില്ലയിലെ പാറക്കടവ് പഞ്ചായത്തിലെ പുളിയനം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. മലപ്പുറം മങ്കട ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല് കടന്നമണ്ണ സിപിഐ നിലനിര്‍ത്തി. 48 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഐയിലെ പാത്തുട്ടി അബ്ദുറഹിമാനാണ് വിജയിച്ചത്. സിപിഐ അംഗം മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
മലപ്പുറം താനാളൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് മൂലയ്ക്കലില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി വി.പി.ഒ ബുഷറ 488 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 220 വോട്ട് നേടി ബിജെപിയാണ് ഇവിടെ രണ്ടാം സ്ഥാനത്ത്. 181 വോട്ടുമായി സിപിഎമ്മിലെ വി.വി ഗോപിനാഥ് മൂന്നാം സ്ഥാനത്ത്. ലീഗ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന അഷ്‌കറിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മലപ്പുറം വേങ്ങര മൂന്നാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഹസീന ഫസല്‍ 880 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കഴിഞ്ഞ തവണ ലീഡ് 720 ആയിരുന്നു. യുഡിഎഫ് അംഗം മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മലപ്പുറം കാലടി പഞ്ചായത്തിലെ വാര്‍ഡ് 12 വെറൂരില്‍ സിപിഎമ്മിലെ അഭിലാഷ് വിജയിച്ചു.
തിരുവനന്തപുരം മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടയ്ക്കല്‍ വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. 139 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി രമ്യ വി. തുളസി വിജയിച്ചു. ചിറയിന്‍കീഴ് അഞ്ചുതെങ്ങില്‍ എല്‍ഡിഎഫിന് അട്ടിമറി ജയം. രമ്യ ഹരിദാസ് എംഎല്‍എ ഉള്‍പ്പെട്ട കയ്യാങ്കളിയെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ തര്‍ക്കം നിലനിന്ന മണ്ഡലത്തിലെ വാര്‍ഡുകളാണ് യുഡിഎഫിന് നഷ്ടമായത് എന്ന് കൂടി ചേർത്ത് വായിക്കണം. ചിറയിന്‍കീഴ് മണ്ഡലത്തിലെ മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടയ്ക്കല്‍ വാര്‍ഡും യുഡിഎഫിന് നഷ്ടമായി. തിരുവനന്തപുരം തിരുപുറം പഞ്ചായത്തിലെ പഴയകട വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. സി.എസ് സുനില്‍കുമാറാണ് വിജയിച്ചത്. വര്‍ക്കല ഒറ്റൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ബീന വിജയിച്ചു. സിപിഎം അംഗം സ്മിത സുന്ദരേശന്‍ രാജിവച്ച് ബിജെപി ചേര്‍ന്ന ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷന്‍ യുഡിഎഫ് നിലനിര്‍ത്തി. കണ്ണൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും എല്‍ഡിഎഫിന് ജയം.
പെരളശ്ശേരി പഞ്ചായത്തിലെ ആറാം വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. മട്ടന്നൂര്‍ നഗരസഭയിലെ ഉരുവച്ചാല്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. കാസര്‍കോട് പിലിക്കോട് പഞ്ചായത്ത് രണ്ടാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മിലെ ടി. ഓമന 297 വോട്ടുകള്‍ക്ക് വിജയിച്ചു. ടി. ഓമന 591 വോട്ടും കോണ്‍ഗ്രസ്സിലെ കെ. സന്ധ്യ 294 വോട്ടും ബിജെപിയിലെ ഉമാവതി 18 വോട്ടും നേടി. വയനാട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷന്‍ യുഡിഎഫ് നിലനിര്‍ത്തി. ഇടുക്കി മുട്ടം പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് തുടങ്ങനാട്ടില്‍ എല്‍ഡിഎഫ് സിറ്റിങ് വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന്റെ എല്‍സമ്മ ടോം വിജയിച്ചു.


