തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്ന് ക്ഷാമവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന് കർശന നിർദേശം നൽകി ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഡിഎംഒമാരുടെ യോഗത്തിലാണ് മരുന്നുകളുടെ സ്റ്റോക്കിൽ കൃത്യമായ കണക്ക് സൂക്ഷിക്കണമെന്ന് മന്ത്രി നിർദേശിച്ചത്.
മരുന്നുകളുടെ ലഭ്യത സംബന്ധിച്ച വാർത്തകൾ അവഗണിക്കാനാകില്ലെന്നും ഓരോ ജില്ലയിലെയും സ്റ്റോക്ക് കൃത്യമായി വിലയിരുത്തണമെന്നും മന്ത്രി പറഞ്ഞു. അടിയന്തരമായി മരുന്നുകൾ എത്തിക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന് (KMSCL) നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ ചില മരുന്ന് സംഭരണശാലകളിൽ സ്റ്റോക്ക് കുറവാണെന്ന് ഡിഎംഒമാർ യോഗത്തിൽ അറിയിച്ചു. ഉടൻ മരുന്ന് എത്തിച്ചില്ലെങ്കിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നും അവർ മുന്നറിയിപ്പ് നൽകി. ഇതിന്റെ പശ്ചാത്തലത്തിൽ ലോക്കൽ പർച്ചേസ് വർധിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
അതേസമയം, പ്രതിസന്ധിക്കിടയിലും KMSCL-ന്റെ നടപടികൾ വൈകുന്നതിനെതിരെ വിമർശനം ഉയരുന്നുണ്ട്. റീ-ടെൻഡർ അംഗീകരിക്കുന്ന നടപടികൾ വൈകുന്നതായാണ് ആക്ഷേപം. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലും വിഷയം പരിഗണിച്ചില്ലെന്നാണ് വിമർശനം. റീ-ടെൻഡർ നടപടികൾ വൈകിയാൽ മരുന്നുകളുടെ വിതരണം ഇനിയും വൈകാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.




