ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സുരക്ഷാസേന തിരയുകയായിരുന്ന നാലാമത്തെ ഭീകരനും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ജമ്മു കശ്മീരിലെ ബദ്ഗാം ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ മൂസ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ബദ്ഗാമിൽ സുരക്ഷാസേന ഓപ്പറേഷൻ ആരംഭിച്ചത്. പുലർച്ചെയോടെ ഒരു ഭീകരനെ വധിച്ചതായി സുരക്ഷാസേന സ്ഥിരീകരിച്ചു.
പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നാല് ഭീകരരുടെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിൽ രണ്ട് പേരെ ഓപ്പറേഷൻ മഹാദേവയിലൂടെ സുരക്ഷാസേന വധിച്ചിരുന്നു. പിന്നീട് ബദ്ഗാമിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ മൂന്നാമത്തെ ഭീകരനും കൊല്ലപ്പെട്ടു.
നാലാമത്തെ ഭീകരനായ മൂസയെ കണ്ടെത്തുന്നതിനായി സുരക്ഷാസേന തിരച്ചിൽ തുടരുകയായിരുന്നു. ഇതിനിടെയാണ് ബദ്ഗാമിൽ നടന്ന ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെട്ടതെന്നാണ് സുരക്ഷാസേനയുടെ വിശദീകരണം.




