കൊച്ചി: കേരള സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്നും സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു.
വഖഫ് ബോർഡുമായി ബന്ധപ്പെട്ട് സമർപ്പിച്ച നാല് ഹർജികൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നതിനിടെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. വഖഫ് ബോർഡ് നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും മൂന്ന് അംഗങ്ങൾക്ക് ആവശ്യമായ യോഗ്യതയില്ലെന്നും ആരോപിച്ചാണ് ബോർഡ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഹർജികൾ സമർപ്പിച്ചത്.
ബോർഡ് പുനഃസംഘടിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ വിഷയത്തിൽ കൂടുതൽ വിശദാംശങ്ങൾ ഉൾപ്പെടുത്തി സത്യവാങ്മൂലം സമർപ്പിക്കാൻ സമയം അനുവദിക്കണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം. ഇത് പരിഗണിച്ച ഹൈക്കോടതി രണ്ടാഴ്ചയ്ക്കകം വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് നിർദേശം നൽകി.
ഹർജികൾ നാല് ആഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.




