പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ വെള്ളത്തൊട്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കുട്ടികളുടെ അമ്മ നിവേദ്യ കുറ്റം സമ്മതിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
അഞ്ചുവയസ്സുകാരി ജെനിഫറും മൂന്നുവയസ്സുകാരൻ റോബിനുമാണ് മരിച്ചത്. വീടിന് മുന്നിലെ കുളിമുറിയോട് ചേർന്ന സിമന്റ് ടാങ്കിലാണ് ഇന്നലെ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടികളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം പൊലീസ് നിവേദ്യയെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടെയാണ് കുറ്റസമ്മതം നടത്തിയതെന്നാണ് വിവരം. തുടർന്ന് നിവേദ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രണ്ട് കുട്ടികളും ഒരുമിച്ച് വെള്ളം നിറച്ച ടാങ്കിൽ വീണതിനെക്കുറിച്ച് ഇന്നലെ തന്നെ പൊലീസിന് സംശയമുണ്ടായിരുന്നു. സംഭവത്തിൽ ദുരൂഹത തോന്നിയതിനെ തുടർന്ന് പൊലീസ് വിശദമായ അന്വേഷണം ആരംഭിക്കുകയായിരുന്നു.
സംഭവസമയത്ത് കുട്ടികളുടെ പിതാവ് ജോൺ കുമാർ വീട്ടിലുണ്ടായിരുന്നില്ല. ജോലിക്കായി പുറത്തുപോയ സമയത്താണ് സംഭവം നടന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി അമ്മയെ ചോദ്യം ചെയ്തതോടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്.
കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.




