കൊച്ചി: ജെയിൻ യൂണിവേഴ്സിറ്റി ചെയർമാൻ ടോം ജോസഫിന്റെ കെഎഎസ്ഇ ഡയറക്ടർ സ്ഥാനത്തുനിന്നുള്ള രാജിയിൽ മന്ത്രി ഷിബു ബേബി ജോൺ എന്ത് തീരുമാനമെടുക്കുമെന്നതിൽ ആകാംക്ഷ. ശനിയാഴ്ച രാജിക്കത്ത് ലഭിച്ചെന്നും ഉടൻ തീരുമാനമെടുക്കുമെന്നുമായിരുന്നു മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നത്. ടോം ജോസഫിന്റെ ക്രിമിനൽ പശ്ചാത്തലവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് രാജി നൽകിയത്.
അതേസമയം, ടോം ജോസഫ് ഡയറക്ടർ സ്ഥാനത്ത് തുടരണമെന്ന നിലപാട് മന്ത്രിമാർ സ്വീകരിക്കുന്നത് ഏതെങ്കിലും പൊതുതീരുമാനത്തിന്റെ ഭാഗമാണോയെന്ന് സംശയിക്കുന്നതായി കെ എൻ ബാലഗോപാൽ എംഎൽഎ ആരോപിച്ചു. ടോം ജോസഫിന്റെ നിയമനത്തിൽ ധാർമികവും സാങ്കേതികവുമായ പ്രശ്നങ്ങളുണ്ടെന്നും രാജി നൽകാൻ തയ്യാറായ സാഹചര്യത്തിൽ അത് സ്വീകരിക്കുകയാണ് വേണ്ടതെന്നും ബാലഗോപാൽ പറഞ്ഞു.
ടോം ജോസഫിനെതിരെ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് കെഎഎസ്ഇ ഡയറക്ടർ സ്ഥാനത്തുനിന്ന് രാജി സമർപ്പിച്ചത്. എന്നാൽ രാജി ലഭിച്ചിട്ടുണ്ടെങ്കിലും അത് സ്വീകരിക്കില്ലെന്നും ആരുടെയെങ്കിലും സമ്മർദത്തിന് വഴങ്ങി രാജിവെക്കേണ്ട സാഹചര്യമില്ലെന്നുമായിരുന്നു മന്ത്രി ഷിബു ബേബി ജോണിന്റെ പ്രതികരണം.
ടോം ജോസഫുമായി മന്ത്രിക്കുള്ള ബന്ധവും നിയമനവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും നേരത്തെ ചർച്ചയായിരുന്നു. ജെയിൻ യൂണിവേഴ്സിറ്റി മന്ത്രിക്ക് ‘പ്രൊഫസർ ഓഫ് പ്രാക്ടീസ്’ പദവി നൽകിയതിന് പിന്നാലെയാണ് ടോം ജോസഫിനെ കെഎഎസ്ഇ ഡയറക്ടറായി സർക്കാർ നിയമിച്ചതെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.
മന്ത്രിയുമായി ബന്ധപ്പെട്ട ‘ജോൺ ആൻഡ് മേരി ക്രിയേറ്റീവ്’ എന്ന സിനിമ നിർമാണ കമ്പനിക്കൊപ്പം ‘ദാവീദ്’ എന്ന സിനിമയുടെ നിർമാണത്തിലും ടോം ജോസഫിന് ബന്ധമുണ്ടായിരുന്നുവെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ രഹസ്യമൊന്നുമില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം, ടോം ജോസഫിനെ നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയതോടെ മന്ത്രിയുടെ മുൻ പ്രതികരണങ്ങളും ചർച്ചയാകുകയാണ്. സർക്കാർ പദവി തനിക്ക് ഇങ്ങോട്ട് വിളിച്ച് നൽകുകയായിരുന്നുവെന്നും ടോം ജോസഫ് പറഞ്ഞിരുന്നു.
ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ അന്വേഷണത്തിൽ ടോം ജോസഫ് ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് രാജി വാങ്ങിയതെന്നായിരുന്നു മന്ത്രിയുടെ മറ്റൊരു പ്രതികരണം. വിഷയത്തിൽ മന്ത്രിയുടെ വിവിധ ഘട്ടങ്ങളിലെ പരാമർശങ്ങൾ തമ്മിലുള്ള വ്യത്യാസവും ഇപ്പോൾ രാഷ്ട്രീയ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.
രാജിക്കത്ത് ലഭിച്ച സാഹചര്യത്തിൽ അത് സ്വീകരിക്കുമോ, ടോം ജോസഫിനെ ഡയറക്ടർ സ്ഥാനത്ത് തുടരാൻ അനുവദിക്കുമോ എന്ന കാര്യത്തിൽ മന്ത്രിയുടെ അന്തിമ തീരുമാനം ഇനി നിർണായകമാകും.




