തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി ചെയർമാൻ പദവിയുടെ പേരിൽ തന്റെ സ്വാതന്ത്ര്യം പണയം വയ്ക്കില്ലെന്ന് എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ. ആവശ്യമുള്ള സമയങ്ങളിൽ അഭിപ്രായങ്ങൾ തുറന്നുപറയുമെന്നും അക്കാദമി പദവി ഉപയോഗിച്ച് തന്റെ രാഷ്ട്രീയ നിലപാടുകൾ ദുരുപയോഗം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
സാഹിത്യം പുതിയ തലമുറയിൽ നിന്ന് അകന്നുപോകുകയാണെന്ന ധാരണ തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ തലമുറയിൽ സാഹിത്യത്തോടുള്ള താൽപ്പര്യവും ഭാവുകത്വവും വളർത്തുകയാണ് അക്കാദമിയുടെ പ്രധാന ചുമതലകളിലൊന്നെന്നും കൽപ്പറ്റ നാരായണൻ പറഞ്ഞു.
ആരെയും മാറ്റിനിർത്താതെ സാഹിത്യ അക്കാദമിയെ കൂടുതൽ ഉൾക്കൊള്ളുന്ന സ്ഥാപനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരുടെ രാഷ്ട്രീയ നിലപാടുകൾ നോക്കാതെ അവരുടെ എഴുത്തിനെ വിലയിരുത്തി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അക്കാദമിയുടെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സർക്കാരിന്റെ പിന്തുണ ലഭിക്കുമെന്നും കൽപ്പറ്റ നാരായണൻ പറഞ്ഞു. സാമ്പത്തിക പരിമിതികൾക്കിടയിലും സാഹിത്യോത്സവം നടത്താൻ ശ്രമിക്കും.
തൃശ്ശൂരിന് പുറത്തേക്കും അക്കാദമിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും. പ്രാദേശിക ഭരണകൂടങ്ങളുടെ സഹായത്തോടെ വിവിധ സ്ഥലങ്ങളിൽ സാഹിത്യ സമ്മേളനങ്ങൾ സംഘടിപ്പിക്കുമെന്നും കൽപ്പറ്റ നാരായണൻ വ്യക്തമാക്കി.




