ഹൈദരാബാദ്: തെലങ്കാനയിലെ ഓഷാപുരിൽ ട്രെയിനിടിച്ച് നിരവധി ആടുകൾ ചത്തു. ന്യൂഡൽഹിയിൽ നിന്ന് ഹൈദരാബാദിലേക്ക് വരികയായിരുന്ന ദക്ഷിണ്‍ എക്സ്പ്രസ് ഇടിച്ചാണ് അപകടം. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ (RPF) കണക്കനുസരിച്ച് ഏകദേശം 195 ആടുകൾ ചത്തു. എന്നാൽ ആടുകളുടെ ഉടമയായ ബാലാമണി കിസ്തയ്യയുടെ പറയുന്നതനുസരിച്ച് 375 ആടുകൾ ചത്തതായും 50 ഓളം ആടുകൾക്ക് പരിക്കേറ്റതായും പറയുന്നു.
ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെ ബിബിനഗർ-ഗട്കേസർ സ്റ്റേഷനുകൾക്കിടയിലാണ് അപകടമുണ്ടായത്. റെയിൽവേ ട്രാക്കിന് സമീപം പാർപ്പിച്ചിരുന്ന ആട്ടിൻകൂട്ടം ട്രാക്കിലേക്ക് ഓടിക്കയറിയതോടെയാണ് ട്രെയിൻ ഇടിച്ചത്.
രാത്രിയിൽ തെരുവുനായ്ക്കൾ കൂട്ടിനടുത്തെത്തി കുരച്ചതിനെ തുടർന്ന് ആടുകൾ ഭയന്ന് ട്രാക്കിലേക്ക് ഓടിക്കയറിയതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് ചൊവ്വാഴ്ച രാവിലെയാണ് ഉടമ അറിഞ്ഞത്. ഏകദേശം 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഉടമയുടെ കണക്ക്. സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും ഉടമ ആവശ്യപ്പെട്ടു.
അതേസമയം, കൃത്യമായ കണക്ക് കണ്ടെത്തുന്നതിനുള്ള നടപടികൾ തുടരുകയാണെന്ന് RPF അറിയിച്ചു. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. ചത്ത ആടുകളുടെ പോസ്റ്റ്മോർട്ടവും നടത്തിവരികയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിക്കുമെന്നും സർക്കാർ സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ബിബിനഗർ തഹസിൽദാർ അറിയിച്ചു.




