കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കടുത്ത വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജൻ. മുൻ എസ്എൻഡിപി ജനറൽ സെക്രട്ടറി സി. കേശവനിൽ നിന്ന് ഇപ്പോഴത്തെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരം എത്രയാണെന്ന് പി ജയരാജൻ ചോദിച്ചു.
മുൻപ് വെള്ളാപ്പള്ളി നടേശൻ ‘നായാടി മുതൽ നമ്പൂതിരി വരെ’ എന്ന് പറഞ്ഞിരുന്നുവെന്നും ഇപ്പോൾ ‘നായാടി മുതൽ നസ്രാണി വരെ’ എന്നാണ് പറയുന്നതെന്നും ജയരാജൻ ചൂണ്ടിക്കാട്ടി. മുസ്ലീങ്ങളെ ബോധപൂർവം മാറ്റിനിർത്തുന്ന നിലപാടാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.
വെള്ളാപ്പള്ളി നടേശൻ നവോത്ഥാന സമിതി അധ്യക്ഷനാകുകയും അദ്ദേഹത്തിന്റെ മകൻ തുഷാർ വെള്ളാപ്പള്ളി ബി ജെ പി സഖ്യത്തിന്റെ നേതാവാകുകയും ചെയ്യുന്നത് കേരളത്തിലെ വൈരുധ്യമാണെന്നും പി ജയരാജൻ വിമർശിച്ചു.




