വാഷിങ്ടൺ: പസിഫിക് സമുദ്രത്തിൽ ചൈന ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ അമേരിക്കൻ നാവികസേനയ്ക്കായി പുതിയ സ്റ്റെൽത്ത് പോർവിമാനങ്ങൾ വരുന്നു. 20 ബില്യൺ ഡോളറിന്റെ ഈ വമ്പൻ നിർമാണ കരാർ പ്രമുഖ കമ്പനിയായ ബോയിങ് സ്വന്തമാക്കി.
നോർത്ത്‌റോപ്പ് ഗ്രുമ്മനെ പിന്തള്ളിയാണ് ബോയിങ് കരാർ സ്വന്തമാക്കിയത്. പ്രാഥമിക പരീക്ഷണ വിമാനങ്ങൾ നിർമിക്കുന്നതിനായി ഏകദേശം 20 ബില്യൺ ഡോളറിന്റെ കരാറാണ് കമ്പനിക്ക് ലഭിച്ചത്. ഭാവിയിൽ ഉൽപ്പാദനം വർധിക്കുകയും വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഓർഡറുകൾ ലഭിക്കുകയും ചെയ്താൽ പദ്ധതിയുടെ ആകെ മൂല്യം ഉയർന്നേക്കും.
അമേരിക്കൻ വ്യോമസേനയ്ക്കായി പുതിയ എഫ്-47 സ്റ്റെൽത്ത് പോർവിമാനങ്ങൾ നിർമിക്കുന്നതിനുള്ള കരാറും കഴിഞ്ഞ വർഷം മാർച്ചിൽ ബോയിങ്ങിന് ലഭിച്ചിരുന്നു. നാവികസേനയ്ക്കായി എഫ്/എ-18ഇ/എഫ് സൂപ്പർ ഹോർണറ്റ് ഉൾപ്പെടെയുള്ള പോർവിമാനങ്ങൾ നിർമിച്ച പരിചയസമ്പത്തും കമ്പനിക്ക് നേട്ടമായി.
പുതിയ സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്നതിനായി ഉൽപ്പാദന കേന്ദ്രത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും പദ്ധതിക്കായി ബോയിങ് സജ്ജമാണെന്നും കമ്പനി അധികൃതർ അറിയിച്ചു.
ചൈന ആറാം തലമുറ പോർവിമാനങ്ങളുടെ വികസനം വേഗത്തിലാക്കുന്ന സാഹചര്യത്തിലാണ് അമേരിക്ക നാവികസേനയുടെ പുതിയ പോർവിമാന പദ്ധതിക്ക് വേഗം നൽകുന്നത്. പദ്ധതിക്കായുള്ള മത്സരത്തിന്റെ അവസാനഘട്ടത്തിൽ ബോയിങ്ങും നോർത്ത്‌റോപ്പ് ഗ്രുമ്മനുമാണ് ഉണ്ടായിരുന്നത്. 2025 മാർച്ചിലെ പരിശോധനയിൽ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്ന് ലോക്ക്ഹീഡ് മാർട്ടിൻ മത്സരത്തിൽ നിന്ന് പുറത്തായിരുന്നു.




