ന്യൂഡൽഹി: പഞ്ചാബ് ലൗലി പ്രൊഫഷണൽ സർവകലാശാലയിലെ സംഘർഷത്തിന് പിന്നാലെ ഡൽഹിയിലെത്തിയ വിദ്യാർഥികൾക്ക് കേരള ഹൗസിൽ താമസസൗകര്യം നിഷേധിച്ചതായി പരാതി. നാട്ടിലേക്ക് മടങ്ങാൻ സഹായം തേടിയ തങ്ങളെ അധികൃതർ ഓഫീസിൽ നിന്ന് ഇറക്കിവിട്ടെന്നാണ് വിദ്യാർഥികളുടെ ആരോപണം.
യാത്രാ ടിക്കറ്റ് നൽകാൻ കഴിയില്ലെങ്കിൽ സ്വന്തം ചെലവിൽ ടിക്കറ്റ് എടുക്കുന്നതുവരെ താമസസൗകര്യം അനുവദിക്കണമെന്ന ആവശ്യവും അധികൃതർ അംഗീകരിച്ചില്ലെന്ന് വിദ്യാർഥികൾ പറയുന്നു. നാട്ടിലേക്ക് എത്തിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി റോജി എം. ജോണും ഉറപ്പ് നൽകിയിരുന്നെന്നും എന്നാൽ ഈ വാഗ്ദാനം പാലിച്ചില്ലെന്നുമാണ് വിദ്യാർഥികളുടെ പരാതി. മോശമായി പെരുമാറി ഓഫീസിൽ നിന്ന് ഇറക്കിവിടുകയും വാതിൽ അടയ്ക്കുകയും ചെയ്തെന്നും വിദ്യാർഥികൾ ആരോപിച്ചു.
സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനും അവരെ അടിയന്തരമായി നാട്ടിലെത്തിക്കാനും സർക്കാർ ഇടപെടണമെന്ന് വി. ശിവദാസൻ എം.പി ആവശ്യപ്പെട്ടു. സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ വിദ്യാർഥികളെ നാട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് എസ്.എഫ്.ഐയും അറിയിച്ചു.
സെപ്റ്റംബർ 24ന് സർവകലാശാല ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർഥിനി ലൈംഗികാതിക്രമത്തിന് ഇരയായെന്നാണ് വിദ്യാർഥികളുടെ ആരോപണം. സർവകലാശാലയിലെ ജീവനക്കാരനാണ് അതിക്രമം നടത്തിയതെന്ന് ഹോസ്റ്റൽ വാർഡനെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. തുടർന്ന് വിദ്യാർഥിനിയെ വീട്ടിലേക്ക് അയച്ചെന്നും പിന്നീട് ജീവനൊടുക്കിയെന്നുമാണ് വിദ്യാർഥികളുടെ ആരോപണം. സംഭവമാണ് സർവകലാശാലയിൽ സംഘർഷത്തിന് കാരണമായതെന്നാണ് വിദ്യാർഥികൾ പറയുന്നത്. എന്നാൽ ബലാത്സംഗം നടന്നെന്ന ആരോപണം സർവകലാശാല നിഷേധിച്ചിട്ടുണ്ട്.




