കണ്ണൂർ: മംഗളൂരു റെയിൽവേ മേഖല ഇനി സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷന്റെ കീഴിൽ. ബുധനാഴ്ച അർധരാത്രി മുതൽ മംഗളൂരു മേഖല ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷനിൽ നിന്ന് വേർപെട്ടു. വ്യാഴാഴ്ച ഔദ്യോഗികമായി ഭരണച്ചുമതല കൈമാറി.
ഉള്ളാൾ ഉൾപ്പെടെയുള്ള മംഗളൂരു മേഖലയെ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാൻ ഓഗസ്റ്റ് 21നാണ് റെയിൽവേ മന്ത്രാലയം ഉത്തരവിറക്കിയത്. ഒക്ടോബർ ഒന്ന് മുതൽ മാറ്റം പ്രാബല്യത്തിൽ വരുമെന്ന് ഗസറ്റ് വിജ്ഞാപനവും പുറത്തിറങ്ങിയിരുന്നു.
സൗത്ത് വെസ്റ്റേൺ റെയിൽവേയും ദക്ഷിണ റെയിൽവേയും തമ്മിലുള്ള കൈമാറ്റ കേന്ദ്രം പടീലിൽ നിന്ന് ഉള്ളാളിലേക്ക് മാറി. പ്രധാന ടെർമിനൽ സ്റ്റേഷനായ മംഗളൂരുവും പനമ്പൂർ തുറമുഖവും ഉൾപ്പെടെയുള്ള മേഖലകളാണ് പാലക്കാട് ഡിവിഷനിൽ നിന്ന് വേർപെടുത്തിയത്.
1956ലാണ് വിവിധ സോണൽ റെയിൽവേകൾക്കായി ഇന്ത്യയിൽ ഡിവിഷണൽ ഭരണസംവിധാനം ആസൂത്രണം ചെയ്തത്. 1956 ഓഗസ്റ്റ് 31ന് രൂപീകരിച്ച പാലക്കാട് ഡിവിഷൻ ഇതോടെ മൂന്നാം തവണയാണ് വിഭജിക്കപ്പെടുന്നത്.
പാലക്കാട് ഡിവിഷന്റെ നാൾവഴി:
1956 ഓഗസ്റ്റ് 31: പാലക്കാട് ഡിവിഷൻ രൂപീകരിച്ചു. റൂട്ട് ദൈർഘ്യം 1,247.50 കിലോമീറ്റർ.
1979 ഒക്ടോബർ 2: തിരുവനന്തപുരം ഡിവിഷൻ രൂപീകരിച്ചു. ഷൊർണൂർ–കൊച്ചിൻ ഹാർബർ ടെർമിനസ് പാത തിരുവനന്തപുരം ഡിവിഷന് കൈമാറി. പാലക്കാട് ഡിവിഷന്റെ റൂട്ട് ദൈർഘ്യം 1,132.98 കിലോമീറ്ററായി.
2007 നവംബർ 1: സേലം ഡിവിഷൻ രൂപീകരിച്ചു. പാലക്കാട് ഡിവിഷന്റെ റൂട്ട് ദൈർഘ്യം 582.70 കിലോമീറ്ററായി.
2026 ഒക്ടോബർ 1: മംഗളൂരു–ഉള്ളാൾ മേഖല മൈസൂരു ഡിവിഷനിലേക്ക് മാറ്റി. പാലക്കാട് ഡിവിഷന്റെ റൂട്ട് ദൈർഘ്യം 539 കിലോമീറ്ററായി.
പാലക്കാട് ഡിവിഷന്റെ പ്രധാന പാതയായ പോദനൂർ–ഉള്ളാൾ റൂട്ടിന്റെ ദൈർഘ്യം 389 കിലോമീറ്ററാണ്. നേരത്തെ പോദനൂർ–മംഗളൂരു റൂട്ടിന്റെ ദൈർഘ്യം 398 കിലോമീറ്ററായിരുന്നു.




