കൊച്ചി: ഇടപ്പള്ളിയിൽ സ്വകാര്യ ബസ് ഇരുചക്ര വാഹന യാത്രക്കാരെ ഇടിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ഹോൺ മുഴക്കി കടന്നുപോകാൻ ശ്രമിച്ച ബസ് സ്കൂട്ടർ യാത്രക്കാരെ ഇടിച്ചതായാണ് പരാതി. സംഭവത്തിൽ ചോദ്യം ചെയ്ത യുവാവിന്റെ വാഹനത്തിൽ ബസ് വീണ്ടും മൂന്ന് തവണ ഇടിച്ചതായും പരാതിയുണ്ട്. ഇതോടെ യുവാവിനൊപ്പമുണ്ടായിരുന്ന യുവതി ബസ് തടഞ്ഞു. ബസ് ഡ്രൈവർ ഇരുചക്ര വാഹന യാത്രക്കാരെ മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചതായും പരാതിയുണ്ട്.
സംഭവത്തിൽ ‘വാഹ്ബിയ’ ബസ് ഡ്രൈവർ മുഹമ്മദ് റിയാസിനെതിരെ പൊലീസ് കേസെടുത്തു. അതേസമയം, ഡ്രൈവറുടെ പരാതിയിൽ കൊച്ചി സ്വദേശികളായ മുഹമ്മദ് റിസ്വാൻ, ആശ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ബസ് ഡ്രൈവർ പരാക്രമം നടത്തിയിട്ടും ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ തങ്ങളെ സഹായിച്ചില്ലെന്ന് സ്കൂട്ടർ യാത്രക്കാർ ആരോപിച്ചു. ബസ് സ്കൂട്ടറിൽ ഇടിച്ചിട്ടും ഉദ്യോഗസ്ഥൻ തങ്ങളോടാണ് മോശമായി പെരുമാറിയതെന്നും ഇവർ പറഞ്ഞു. എന്നാൽ റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാനാണ് ഇരുചക്ര വാഹന യാത്രക്കാരെ റോഡിൽ നിന്ന് മാറ്റിയതെന്നാണ് ട്രാഫിക് പൊലീസിന്റെ വിശദീകരണം.




