ന്യൂഡൽഹി: യാത്രാവാഹനങ്ങൾക്ക് അടുത്ത ഏപ്രിൽ മുതൽ ഇന്ധനക്ഷമതാ മാനദണ്ഡം കൂടുതൽ കർശനമാക്കി കേന്ദ്രം. പുതിയ കോർപ്പറേറ്റ് ശരാശരി ഇന്ധനക്ഷമതാ മാനദണ്ഡമായ കഫെ-3 കേന്ദ്ര ഊർജമന്ത്രാലയം പുറത്തിറക്കി. വ്യക്തിഗത വാഹന മോഡലുകളേക്കാൾ വാഹന നിർമാതാക്കളുടെ മൊത്തം വാഹനശേഖരത്തിന്റെ ശരാശരി ഇന്ധനക്ഷമതയ്ക്ക് പ്രാധാന്യം നൽകുന്നതാണ് കഫെ-3.
2027 ഏപ്രിൽ ഒന്ന് മുതൽ 2032 മാർച്ച് 31 വരെയാണ് കഫെ-3 നിലവിലുണ്ടാകുക. അഞ്ച് വർഷത്തിനുള്ളിൽ വാഹനങ്ങളുടെ ഇന്ധനക്ഷമത 16.7 ശതമാനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
എന്താണ് കഫെ-3?
ഇന്ത്യയിൽ വിൽപ്പനയ്ക്കായി നിർമിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യുന്ന എം-1 വിഭാഗം യാത്രാവാഹനങ്ങൾക്കാണ് കഫെ-3 ബാധകമാകുക. വാഹന നിർമാതാവിന്റെ വാഹനശേഖരത്തിന്റെ ശരാശരി ഭാരം കൂടുന്നതിനനുസരിച്ച് അനുവദനീയമായ ഇന്ധന ഉപഭോഗ പരിധിയിലും മാറ്റമുണ്ടാകും. കാർബൺ ബഹിർഗമനം പരമാവധി കുറയ്ക്കുന്ന തരത്തിൽ യാത്രാവാഹനങ്ങളുടെ ശരാശരി ഇന്ധന ഉപഭോഗം നിശ്ചിത പരിധിക്കുള്ളിൽ നിലനിർത്തുകയാണ് ലക്ഷ്യം.
എന്താണ് ലക്ഷ്യം?
2027-28ൽ 100 കിലോമീറ്ററിന് 3.996 ലിറ്റർ എന്ന ഇന്ധന ഉപഭോഗ പരിധി 2031-32ൽ 3.3273 ലിറ്ററായി കുറയ്ക്കാനാണ് പുതിയ മാനദണ്ഡം ലക്ഷ്യമിടുന്നത്. വാഹനങ്ങളുടെ റഫറൻസ് ഭാരം 1,082 കിലോഗ്രാമിൽ നിന്ന് 1,229 കിലോഗ്രാമായും ഉയർത്തിയിട്ടുണ്ട്. ഏകദേശം 13.6 ശതമാനമാണ് വർധന.
മികച്ച ഇന്ധനക്ഷമത, ഊർജസുരക്ഷ, സുസ്ഥിരത എന്നിവ ലക്ഷ്യമിട്ട് സോളാർ റിഫ്ലക്ടീവ് പെയിന്റുകൾ, നൂതന ഗ്ലേസിങ്, ഉയർന്ന കാര്യക്ഷമതയുള്ള എയർ കണ്ടീഷനിങ് സംവിധാനങ്ങൾ തുടങ്ങിയ സാങ്കേതികവിദ്യകളെയും പുതിയ കഫെ മാനദണ്ഡങ്ങൾ പ്രോത്സാഹിപ്പിക്കും.




