കുവൈത്ത് സിറ്റി: തൊഴിൽ വിപണിയിൽ കൂടുതൽ സുതാര്യതയും കാര്യക്ഷമമായ ഭരണ സംവിധാനവും ഉറപ്പാക്കാൻ കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ നടപടികൾ ശക്തമാക്കുന്നു. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികളും കൂടുതൽ കാര്യക്ഷമമാക്കും.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഡയറക്ടർ ബോർഡ് ചെയർമാനുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് യോഗത്തിലാണ് നിർദേശങ്ങൾ മുന്നോട്ടുവച്ചത്.
അതോറിറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള നടപടികൾ മെച്ചപ്പെടുത്താനും ശൈഖ് ഫഹദ് അൽ യൂസഫ് നിർദേശിച്ചു. തൊഴിൽ മേഖലയിലെ നിയമങ്ങളും ചട്ടങ്ങളും കർശനമായി നടപ്പാക്കണമെന്നും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ പൂർണമായി സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൗരന്മാർക്കും തൊഴിലുടമകൾക്കും തൊഴിലാളികൾക്കും പ്രയോജനപ്പെടുന്ന വികസന പദ്ധതികളും പരിപാടികളും നടപ്പാക്കാനും യോഗത്തിൽ നിർദേശം നൽകി. സർക്കാർ സേവനങ്ങൾ നവീകരിക്കുന്നതിനൊപ്പം പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും വ്യക്തമാക്കി. അതോറിറ്റിയുടെ നിലവിലെ പ്രവർത്തനങ്ങളും സ്ഥാപനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള പദ്ധതികളും യോഗം വിലയിരുത്തി.




