കൊച്ചി: ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി കൊച്ചി സിറ്റി പൊലീസ് നടത്തിയ പരിശോധനയിൽ 6.07 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ആലപ്പുഴ മാവേലിക്കര കുറത്തികാട് മുരളി ഭവനത്തിൽ ദേവ മുരളി (24), മാവേലിക്കര കോട്ടൂർ സ്വദേശി അനന്തു (25) എന്നിവരാണ് അറസ്റ്റിലായത്.
എളമക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ കറുകപ്പള്ളി ജംഗ്ഷന് സമീപത്ത് നിന്നാണ് ഇരുവരെയും പിടികൂടിയത്. പിടിയിലായ അനന്തു നേരത്തെയും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്. ലഹരി വിരുദ്ധ ബോധവൽക്കരണവും പരിശോധനകളും ശക്തമായി തുടരുമെന്ന് പൊലീസ് അറിയിച്ചു.




