തിരുവനന്തപുരം: ഇരുചക്രവാഹനത്തിലെത്തി 14കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ച കേസിൽ യുവാവിന് ഏഴ് വർഷം കഠിനതടവും 26,000 രൂപ പിഴയും ശിക്ഷ. കൊല്ലം കരിപ്ര സ്വദേശി ഹെയിൽ രാജു (22)വിനെയാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്.
പിഴ ഒടുക്കാത്ത പക്ഷം ഒരു വർഷവും ഒമ്പത് മാസവും അധിക തടവ് അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റി മുഖേന ലഭിക്കുന്ന നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.
2025 മേയ് 24നാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം ചാവടിമുക്കിന് സമീപം ഹോസ്റ്റലിൽ താമസിക്കുന്ന സഹോദരിയെ കണ്ട ശേഷം അമ്മയ്ക്കൊപ്പം നടന്ന് മടങ്ങുകയായിരുന്ന 14കാരിയെയാണ് പ്രതി ഇരുചക്രവാഹനത്തിലെത്തി കടന്നുപിടിക്കാൻ ശ്രമിച്ചത്. പെൺകുട്ടി ഒഴിഞ്ഞുമാറിയതോടെ പ്രതിയുടെ കൈ കുട്ടിയുടെ ചുമലിൽ തട്ടുകയായിരുന്നു.
പ്രതിയുടെ വസ്ത്രവും വാഹനവും ശ്രദ്ധിച്ച പെൺകുട്ടി സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇയാളെ തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വാഹനത്തിന്റെ നമ്പർ കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
കേസിൽ പ്രോസിക്യൂഷൻ 13 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും രണ്ട് തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. ശ്രീകാര്യം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പത്മകുമാർ കെ. ആണ് കേസ് അന്വേഷിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹനും അഭിഭാഷകരായ ബിന്ദു വി.സി., സുരഭി പി. എന്നിവരും പ്രോസിക്യൂഷന് വേണ്ടി ഹാജരായി.




