മലയാള സിനിമയിലെ ഒരു കാലത്തെ പ്രിയ ജോഡികളായിരുന്ന ജഗദീഷും ഉർവശിയും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും നായകനും നായികയുമായി ഒന്നിക്കുന്നു. ‘റൂം നമ്പർ 9’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് ഈ ഹിറ്റ് കോമ്പോയുടെ തിരിച്ചുവരവ്. എൺപതുകളിലും തൊണ്ണൂറുകളിലും ‘സ്ത്രീധനം’, ‘ഭാര്യ’, ‘സിംഹവാലൻ മേനോൻ’ തുടങ്ങിയ ഒട്ടേറെ മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഈ പ്രിയ ജോഡി വീണ്ടുമൊന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.
ജയ് മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘റൂം നമ്പർ 9’-ന്‍റെ പോസ്റ്ററും പുറത്തിറങ്ങിയിട്ടുണ്ട്. ഉർവശിയുടെ കഥാപാത്രം ചവിട്ടുപടികള്‍ ഇറങ്ങി വരുമ്പോള്‍ ജഗദീഷ് അവതരിപ്പിക്കുന്ന കഥാപാത്രം ചവിട്ടുപടികള്‍ കയറുന്നതാണ് പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. ഇരുവരുടേയും മുഖത്തെ ദുരൂഹത ചിത്രം ഒരു ത്രില്ലർ സ്റ്റൈലായിരിക്കും എന്ന സൂചനയാണ് നൽകുന്നത്.
സിനിമാറ്റിക് ഡ്രീംസിന്‍റെ ബാനറിൽ വിലാസ് കുമാറാണ് സിനിമയുടെ നിർമ്മാണം. ഛായാഗ്രഹണം: ഫൈസൽ അലി, ചിത്രസംയോജനം: രഞ്ജൻ എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനർ: മനു ജഗത്, ചീഫ് അസോസിയേറ്റ്: അനീവ് സുകുമാർ, സംഗീതം: കൈലാസ് മേനോൻ, ശങ്കർ ശർമ്മ. ഗാനരചന: ബി. കെ. ഹരിനാരായണൻ.




