Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കുറ്റപത്രം സമർപ്പിച്ച് ഏഴ് വർഷം; വരാപ്പുഴ കസ്റ്റഡി മരണത്തിൽ വിചാരണ നീളുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഒന്നാം പിണറായി സർക്കാർ കാലത്ത് ആഭ്യന്തര വകുപ്പിനെ പിടിച്ചുകുലുക്കിയ വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണ കേസിൽ വിചാരണ അനന്തമായി നീളുന്നു. ഒൻപത് പൊലീസുകാർ പ്രതികളായ കേസിൽ കുറ്റപത്രം സമർപ്പിച്ച് ഏഴ് വർഷം പിന്നിട്ടിട്ടും വിചാരണ ആരംഭിച്ചിട്ടില്ല. പൊലീസുകാർക്കെതിരായ പ്രോസിക്യൂഷൻ അനുമതി വൈകിയതും പ്രോസിക്യൂട്ടറെ മാറ്റിയതുമടക്കം വിവിധ നടപടിക്രമങ്ങളാണ് കേസ് നീളാൻ കാരണമായത്. അന്ന് പ്രതിപക്ഷത്തിരുന്ന് സമരം ചെയ്ത യുഡിഎഫ് അധികാരത്തിലെത്തിയിട്ടും കേസിൽ നടപടികൾ വേഗത്തിലായില്ലെന്ന് കൊല്ലപ്പെട്ട ശ്രീജിത്തിന്റെ അമ്മ ശ്യാമള ആരോപിച്ചു.

2018 ഏപ്രിൽ ആറിന് രാത്രിയാണ് വരാപ്പുഴ സ്വദേശിയായ ശ്രീജിത്തിനെ വീടിന്റെ ഉമ്മറത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. നാട്ടിലുണ്ടായ ഒരു പ്രശ്നവുമായി ബന്ധപ്പെട്ട് ആളുമാറിയാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്നാണ് കേസ്. താൻ ഉദ്ദേശിച്ച ആളല്ലെന്ന് പറഞ്ഞിട്ടും പൊലീസ് ശ്രീജിത്തിനെ മർദിച്ചെന്നാണ് ആരോപണം. ഗുരുതരമായി പരിക്കേറ്റ ശ്രീജിത്ത് ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഏപ്രിൽ ഒൻപതിന് മരിച്ചു. ക്രൂരമായ മർദനത്തിൽ ശ്രീജിത്തിന്റെ ചെറുകുടലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

സംഭവത്തിൽ വലിയ പ്രതിഷേധമുയർന്നതിനെ തുടർന്ന് പ്രതികളായ പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കേസിന്റെ കുറ്റപത്രം സമർപ്പിച്ചത്. ആലുവ റൂറൽ എസ്പി രൂപീകരിച്ച ടൈഗർ ഫോഴ്സിലെ അംഗങ്ങളായ പി.പി. സന്തോഷ് കുമാർ, ജിതിൻ രാജ്, എം.എസ്. സുമേഷ് എന്നിവരാണ് കേസിലെ ഒന്ന് മുതൽ മൂന്ന് വരെ പ്രതികൾ. അന്നത്തെ വരാപ്പുഴ എസ്.ഐ ദീപക് നാലാം പ്രതിയും വടക്കൻ പറവൂർ സി.ഐ ക്രിസ്പിൻ സാം അഞ്ചാം പ്രതിയുമാണ്.

വരാപ്പുഴ സ്റ്റേഷനിലെ അന്നത്തെ എഎസ്ഐ സി.എൻ. ജയാനന്ദൻ, സിവിൽ പൊലീസ് ഓഫീസർമാരായ പി.ആർ. ശ്രീരാജ്, ഇ.ബി. സുനിൽകുമാർ എന്നിവരാണ് മറ്റ് പ്രതികൾ. ഏകദേശം 20 മാസം നീണ്ട നടപടികൾക്ക് ശേഷമാണ് 2019 ഡിസംബർ 16ന് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.

കുറ്റപത്രം സമർപ്പിച്ചതിന് ശേഷവും പ്രോസിക്യൂഷൻ അനുമതി ഉൾപ്പെടെയുള്ള നടപടികൾ വൈകി. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിലെ കാലതാമസം, പ്രോസിക്യൂട്ടറെ മാറ്റിയത്, കോടതി മാറ്റം തുടങ്ങിയവയും കേസിന്റെ പുരോഗതിയെ ബാധിച്ചു. പ്രതികൾ പൊലീസുകാരായതിനാൽ സേനയ്ക്കുള്ളിലെ നടപടിക്രമങ്ങളും കേസിനെ വൈകിപ്പിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം.

അതിനിടെ സസ്പെൻഷനും വകുപ്പ് തല അന്വേഷണവും പൂർത്തിയായതോടെ പ്രതികളായ പൊലീസുകാർ സർവീസിൽ തിരിച്ചെത്തി. നാലാം പ്രതി ദീപക് ഇപ്പോൾ ജില്ലാ ക്രൈംബ്രാഞ്ച് സി.ഐയാണ്. ഒന്നും രണ്ടും മൂന്നും പ്രതികൾ ക്യാമ്പിൽ സേവനമനുഷ്ഠിക്കുന്നു. അഞ്ചാം പ്രതി ക്രിസ്പിൻ സാം വിരമിച്ചു. ജയാനന്ദൻ എസ്.ഐയായി വിരമിച്ചു. മറ്റ് പ്രതികൾ പൊലീസ് സ്റ്റേഷനുകളിൽ സേവനമനുഷ്ഠിക്കുന്നുണ്ട്.

കേസിൽ ഇതുവരെ പ്രതികൾക്കെതിരെ കുറ്റം വായിച്ചുകേൾപ്പിച്ചിട്ടില്ല. വിചാരണ എപ്പോൾ ആരംഭിക്കുമെന്ന് വ്യക്തമല്ല. കേസിലെ പ്രധാന സാക്ഷികളിൽ പൊലീസുകാരുമുണ്ട്. പ്രതികൾ ഇപ്പോഴും സേനയിൽ തുടരുന്നതിനാൽ തെളിവുകൾ അട്ടിമറിക്കപ്പെടാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന ആശങ്കയും കുടുംബം ഉന്നയിക്കുന്നു.

ശ്രീജിത്ത് മരിക്കുമ്പോൾ മകൾക്ക് നാല് വയസായിരുന്നു. മരണത്തിന് പിന്നാലെ അന്നത്തെ സർക്കാർ ശ്രീജിത്തിന്റെ ഭാര്യയ്ക്ക് ജോലി നൽകിയിരുന്നു. അതേസമയം, പ്രാദേശിക സിപിഎം താൽപര്യമാണ് ബിജെപി അനുഭാവിയായിരുന്ന ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുന്നതിലേക്കും മരണത്തിലേക്കും നയിച്ചതെന്ന ആരോപണവും ഉയർന്നിരുന്നു. ഈ ആരോപണം രാഷ്ട്രീയമായി തർക്കവിഷയമാണ്.

അന്ന് സർക്കാരിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചിരുന്ന പ്രതിപക്ഷ നേതാക്കൾ ഇന്ന് സർക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും ചുമതല വഹിക്കുമ്പോഴും തങ്ങൾക്ക് നീതി ലഭിച്ചിട്ടില്ലെന്നാണ് ശ്രീജിത്തിന്റെ കുടുംബത്തിന്റെ പരാതി. എട്ട് വർഷത്തോളമായി കേസ് നീണ്ടിട്ടും വിചാരണ പോലും ആരംഭിക്കാത്തതിൽ കുടുംബം കടുത്ത നിരാശയിലാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix