കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണക്കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മും നേതാക്കളും കോടതിയിൽ വിടുതൽ ഹർജി നൽകി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിപിഎമ്മിന്റെയും നേതാക്കളുടെയും വാദം.
മുൻ സിപിഎം ജില്ലാ സെക്രട്ടറിമാരായ എ.സി. മൊയ്തീൻ, എം.എം. വർഗീസ്, കെ. രാധാകൃഷ്ണൻ എന്നിവരാണ് ഹർജി നൽകിയത്. കള്ളപ്പണ ഇടപാടിൽ തങ്ങൾക്ക് പങ്കില്ലെന്നും വിചാരണ തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
കേസിൽ സിപിഎം ജില്ലാ കമ്മിറ്റിയുടെ പേരിൽ ഭൂമി വാങ്ങിയത് കരുവന്നൂർ ബാങ്കിൽ അനുവദിച്ച അനധികൃത വായ്പകളിൽ നിന്ന് ലഭിച്ച കമ്മീഷൻ തുക ഉപയോഗിച്ചാണെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ആരോപണം. തട്ടിപ്പിലൂടെ ലഭിച്ച പണം പാർട്ടി ഓഫീസ് നിർമാണത്തിനായി ഉപയോഗിച്ചെന്നും കമ്മീഷൻ ഇനത്തിൽ പണം ലഭിച്ചെന്നും ഇഡി കണ്ടെത്തിയതായി കുറ്റപത്രത്തിൽ പറയുന്നു.
83 പ്രതികളുള്ള കേസിൽ ഏകദേശം 180 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇഡിയുടെ കുറ്റപത്രത്തിലെ കണ്ടെത്തൽ. അനുബന്ധ കുറ്റപത്രത്തിലാണ് സിപിഎമ്മിനെയും നേതാക്കളെയും ഉൾപ്പെടുത്തിയിരിക്കുന്നത്. വിടുതൽ ഹർജിയെ എതിർത്ത് ഇഡി കോടതിയിൽ സത്യവാങ്മൂലം നൽകും. ഹർജി ഒക്ടോബർ 24ന് കോടതി പരിഗണിക്കും.




