കൊച്ചി: കൊച്ചിയിൽ ഫാഷൻ ഫോട്ടോഗ്രാഫർ പിടിയിലായ ലഹരിക്കേസിൽ നിർണായക വിവരങ്ങൾ കണ്ടെത്തിയതായി എക്സൈസ്. കോഴിക്കോട് സ്വദേശി ഉബൈദാണ് കൊച്ചിയിലേക്ക് ലഹരി എത്തിക്കുന്ന ശൃംഖലയുടെ പ്രധാന സൂത്രധാരനെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ.
ഉബൈദിന്റെ നേതൃത്വത്തിൽ ഒരാഴ്ചയ്ക്കിടെ കൊച്ചിയിൽ വിൽപ്പനയ്ക്കായി 20 കിലോ എംഡിഎംഎ എത്തിക്കുന്നുണ്ടെന്നാണ് എക്സൈസ് പറയുന്നത്. ഇന്നലെ പിടിയിലായ ഫാഷൻ ഫോട്ടോഗ്രാഫർ അരുൺ കെ. നായർ ഈ ശൃംഖലയിലെ ചില്ലറ വിൽപ്പനക്കാരിൽ ഒരാളാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
കുടുംബ പ്രശ്നങ്ങളെ തുടർന്ന് ലഹരി ഉപയോഗം ആരംഭിച്ച അരുൺ പിന്നീട് ലഹരി വിൽപ്പന ശൃംഖലയിൽ ഏജന്റായി മാറിയെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ. ഉബൈദ് നിയന്ത്രിക്കുന്ന നിരവധി ഏജന്റുമാരിൽ ഒരാളാണ് അരുണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഏജന്റുമാർ ഉബൈദിനെ നേരിട്ട് കണ്ടിട്ടില്ലെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം. പണം നേരിട്ട് ഉബൈദിന്റെ അക്കൗണ്ടിലേക്ക് അയയ്ക്കുന്നതിന് പകരം വിദേശ അക്കൗണ്ടുകൾ വഴിയാണ് ഇടപാടുകൾ നടത്തിയിരുന്നതെന്നും എക്സൈസ് പറയുന്നു. ഉബൈദിനെ കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
അരുണിന്റെ കാറിൽ നിന്ന് 15 ലക്ഷം രൂപയും എക്സൈസ് പിടിച്ചെടുത്തിരുന്നു. ഒരു ഗ്രാം എംഡിഎംഎ ഏകദേശം 3,000 രൂപയ്ക്കാണ് അരുൺ വിറ്റിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയതായി പറയുന്നു. ലഹരി വാങ്ങുന്നവരിൽ സിനിമാ മേഖലയിലുള്ളവർ, ഐടി പ്രൊഫഷണലുകൾ, വിദ്യാർഥികൾ എന്നിവരും ഉൾപ്പെടുന്നതായാണ് എക്സൈസിന്റെ വിവരം. കേസിന്റെ അന്വേഷണം എക്സൈസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നതും പരിഗണിക്കുന്നുണ്ട്.




