തിരുവനന്തപുരം: കായികമേള ഒളിംപിക്‌സ് മാതൃകയിൽ തന്നെ നടത്തണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഭിന്നശേഷിക്കാരായ കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും പങ്കെടുക്കാൻ കഴിയുന്ന തരത്തിലാണ് മുൻ സർക്കാർ കായികമേള സംഘടിപ്പിച്ചതെന്നും രാജ്യമൊട്ടാകെ മാധ്യമശ്രദ്ധ നേടിയ മാതൃകയായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഇപ്പോൾ 36 ഇനങ്ങൾ 36 ഇടങ്ങളിലായി നടത്താനാണ് നീക്കം. വിധികർത്താക്കൾ എന്താണ് തീരുമാനിക്കുന്നതെന്നോ പരിപാടികൾ എവിടെയാണ് നടക്കുന്നതെന്നോ അറിയാൻ കഴിയാത്ത സുതാര്യമല്ലാത്ത സംവിധാനമാണിതെന്നും ശിവൻകുട്ടി ആരോപിച്ചു. സ്‌കൂൾ ഒളിംപിക്‌സ് നടത്താൻ ഏതറ്റം വരെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മുസ്‌ലിം ലീഗും കോൺഗ്രസും കായികമേളയെ രാഷ്ട്രീയ മത്സരമാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും വൻ അഴിമതി നടന്നതായി സംശയിക്കുന്നതായും മുൻ മന്ത്രി ആരോപിച്ചു. സ്‌കൂൾ ഒളിംപിക്‌സിന്റെ സ്വർണക്കപ്പും പതാകയും എവിടെയാണെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ഘോഷയാത്രയിൽ കൊണ്ടുവരേണ്ട സ്വർണക്കപ്പും പതാകയും സംബന്ധിച്ചും സംശയങ്ങൾ നിലനിൽക്കുന്നുവെന്നും ശിവൻകുട്ടി ആരോപിച്ചു.
കഴിഞ്ഞ വർഷം കായികമേളയിൽ പങ്കെടുത്ത കുട്ടികൾ തങ്ങളോട് വിഷമങ്ങൾ പങ്കുവെക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിന് മുന്നിൽ കായികതാരങ്ങൾ നടത്തുന്ന സമരത്തിൽ താനും പങ്കെടുക്കുമെന്നും ശിവൻകുട്ടി അറിയിച്ചു.
മന്ത്രി ഒ.ജെ. ജനീഷിന്റേത് ധിക്കാരപരമായ നിലപാടാണെന്നും സംസ്ഥാനത്തിന് അപമാനമായി മാറിയ അപകടമാണ് കായികമേളയിൽ ഉണ്ടായതെന്നും കെ. രാജൻ എംഎൽഎ വിമർശിച്ചു. ഒളിംപിക്‌സ് മാതൃകയിലുള്ള മത്സരങ്ങളിൽ നിന്ന് മാറാനുള്ള കാരണം എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.
കായികമേള വിദ്യാഭ്യാസ വകുപ്പിന്റെ മാത്രം പരിപാടിയല്ലെന്നും കായിക വകുപ്പിനെയും കൂടി ഉൾപ്പെടുത്തിയാണ് നടത്തുന്നതെന്നും രാജൻ പറഞ്ഞു. മുൻപ് കൂട്ടുത്തരവാദിത്തത്തോടെയാണ് കലോത്സവം ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിച്ചിരുന്നത്. അതിനാൽ മന്ത്രി ഒ.ജെ. ജനീഷിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിമാർക്കിടയിൽ പരസ്പര ധാരണയില്ലെന്നും രാജൻ ആരോപിച്ചു. സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കാൻ എന്താണ് തടസ്സമെന്നും അദ്ദേഹം ചോദിച്ചു. കായികമേളയിലെ വീഴ്ചയിൽ ഉന്നതതല അന്വേഷണം വേണമെന്നും നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് ചർച്ച നടന്നിട്ടില്ലെന്നും കെ. രാജൻ പറഞ്ഞു.




