കോട്ടയം: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലുമായി കൂടിക്കാഴ്ച നടത്തി. പൊതുവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി മന്ത്രി പറഞ്ഞു. സഭ ചില പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും അതിൽ പരിഹരിക്കാൻ കഴിയുന്ന കാര്യങ്ങളിൽ നടപടി സ്വീകരിക്കുമെന്നും ഷംസുദ്ദീൻ വ്യക്തമാക്കി.
വിദ്യാഭ്യാസ മേഖലയിൽ സഭ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ടെന്നും സഭയുടെ ആവശ്യങ്ങൾ പരിഗണിച്ച് മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ആർക്കും ആശങ്കയുണ്ടാകാത്ത തരത്തിൽ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭിന്നശേഷിക്കാരായ അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് കാലമായി പ്രതിസന്ധിയുണ്ടെന്നും അത് പരിഹരിക്കാനുള്ള നടപടികളാണ് സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. നടപടികളിൽ അപാകതകളുണ്ടെങ്കിൽ അവ ചൂണ്ടിക്കാണിക്കുന്നതിനനുസരിച്ച് പരിഹരിക്കുമെന്നും ഷംസുദ്ദീൻ വ്യക്തമാക്കി.
പൊതുവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് സഭ ചില പ്രശ്നങ്ങൾ ചർച്ചയിൽ ഉന്നയിച്ചെന്ന് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പറഞ്ഞു. തുറന്ന മനസ്സോടെ വിഷയങ്ങൾ പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചില ഉത്തരവുകളിൽ വ്യക്തതക്കുറവുണ്ടെന്നും അവ പല തരത്തിൽ വ്യാഖ്യാനിക്കാവുന്ന സാഹചര്യമാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. ഇത് ഭാവിയിൽ എയ്ഡഡ് മാനേജ്മെന്റുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലേക്ക് മാറുമെന്ന ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യങ്ങളെല്ലാം പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായും മാർ തോമസ് തറയിൽ പറഞ്ഞു.



