ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇൻഡ്യ സഖ്യ എംപിമാരുടെ പ്രതിഷേധം. പാർലമെന്റ് കവാടത്തിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നീങ്ങി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, സുപ്രിയ സുലേ, അഖിലേഷ് യാദവ്, മല്ലികാർജുന്‍ ഖർഗെ തുടങ്ങിയ നേതാക്കൾ മാർച്ചിന്റെ മുൻനിരയിൽ അണിനിരന്നു. കേരളത്തിൽ നിന്നുള്ള കോൺഗ്രസ്, ഇടതുപക്ഷ എംപിമാരും പ്രതിഷേധത്തിൽ പങ്കെടുത്തു.
തമിഴ്നാട്ടിലെ രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് ഡിഎംകെയും പ്രതിഷേധത്തിന്റെ ഭാഗമായി. ഇതോടെ സമരത്തിന് കൂടുതൽ രാഷ്ട്രീയ പ്രാധാന്യം ലഭിച്ചതായാണ് വിലയിരുത്തൽ. ‘ജനാധിപത്യത്തെ രക്ഷിക്കൂ, വോട്ട് രക്ഷിക്കൂ’ എന്ന ബാനറുമായാണ് പ്രതിപക്ഷ എംപിമാർ മാർച്ച് നടത്തിയത്.
എന്നാൽ 500 മീറ്റർ ദൂരം മാത്രമാണ് ഡൽഹി പൊലീസ് മാർച്ചിന് അനുമതി നൽകിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തിന് സമീപം പൊലീസ് മാർച്ച് തടഞ്ഞു. ഇതോടെ എംപിമാർ ബാരിക്കേഡുകൾക്ക് സമീപം പ്രതിഷേധം തുടർന്നു. ചില എംപിമാർ ബാരിക്കേഡുകൾക്ക് മുകളിൽ കയറി പ്രതിഷേധിക്കുകയും ചെയ്തു. പൊലീസ് തടഞ്ഞ സ്ഥലത്ത് കുത്തിയിരുന്നാണ് പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചത്.
രാജ്യത്ത് ‘രണ്ടാം സ്വാതന്ത്ര്യ സമരം’ ആരംഭിച്ചിരിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതികരണം. എംപിമാർക്ക് പുറമെ വിവിധ പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തു.
വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട ഫോം സിക്സിലെ മാറ്റങ്ങൾ സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിൽ സുപ്രീം കോടതി നോട്ടീസ് അയച്ചതും പ്രതിഷേധത്തിന് പശ്ചാത്തലമായി. ചട്ടവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാൽ മാറ്റം വരുത്തുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഫോം സിക്സിലെ മാറ്റങ്ങൾക്ക് സുപ്രീം കോടതിയുടെ അനുമതിയുണ്ടെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ വാദം ഇതോടെ ചോദ്യം ചെയ്യപ്പെട്ടുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം ശക്തമാക്കിയത്.
ഗ്യാനേഷ് കുമാറിന്റെ രാജിയില്ലാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. ബാലറ്റ് പേപ്പർ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നും ഇതിനകം നടത്തിയ തെരഞ്ഞെടുപ്പുകൾ റദ്ദാക്കണമെന്നുമുള്ള ആവശ്യങ്ങളും പ്രതിഷേധക്കാർ ഉന്നയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ഡിവൈഎഫ്ഐ, ഐസ, എസ്എഫ്ഐ, എൻഎസ്‌യുഐ, എംഎസ്എഫ് തുടങ്ങിയ സംഘടനകളും തെരഞ്ഞെടുപ്പ് വിഷയത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സിജെപിയുടെ നേതൃത്വത്തിലും മുംബൈയിൽ പ്രതിഷേധം നടന്നു. ഒക്ടോബർ 10ന് ഡൽഹിയിൽ വീണ്ടും വൻ പ്രതിഷേധത്തിന് എസ്എഫ്ഐയും സിജെപിയും ആഹ്വാനം ചെയ്തിട്ടുണ്ട്.




