കൊച്ചി: പനങ്ങാട് യൂണിയൻ തൊഴിലാളിയുടെ സ്കൂട്ടർ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കടവന്ത്ര ഗാന്ധിനഗർ സ്വദേശി നവീൻ കുമാർ (27) ആണ് പനങ്ങാട് പൊലീസിന്റെ പിടിയിലായത്. മാടവന സിഗ്നലിന് സമീപം പാർക്ക് ചെയ്തിരുന്ന സ്കൂട്ടറാണ് ഇയാൾ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ പ്രദേശത്തെ വിവിധ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
നെട്ടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് നവീൻ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മോഷ്ടിച്ച സ്കൂട്ടർ സ്വന്തം വാഹനമാണെന്ന് പറഞ്ഞ് എളമക്കര സ്വദേശിയായ സുഹൃത്തിന് ഇയാൾ ഉപയോഗിക്കാൻ നൽകിയിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ സ്കൂട്ടർ എളമക്കര ഭാഗത്തുനിന്ന് പൊലീസ് കണ്ടെത്തി. പനങ്ങാട് എസ്എച്ച്ഒ മിഥുൻ മോഹൻ, പൊലീസ് ഉദ്യോഗസ്ഥരായ അരുൺരാജ്, ശ്രീജിത്ത് എം, പ്രശാന്ത് പി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ നവീൻ കുമാറിനെ റിമാൻഡ് ചെയ്തു.


