തിരുവനന്തപുരം: രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. വിഷ്ണു വിനോദാണ് ടീമിനെ നയിക്കുക. ഈ മാസം 11 മുതൽ 14 വരെ ജംഷഡ്പൂരിൽ ഝാർഖണ്ഡിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.
യുവതാരങ്ങൾക്കും പരിചയസമ്പന്നർക്കും ഒരുപോലെ പ്രാധാന്യം നൽകിയുള്ള ശക്തമായ ടീമിനെയാണ് കേരളം അണിനിരത്തുന്നത്. സച്ചിൻ ബേബി, രോഹൻ എസ്. കുന്നുമ്മൽ, ക്യാപ്റ്റൻ വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീൻ, സൽമാൻ നിസാർ തുടങ്ങിയവർ ബാറ്റിങ് നിരയ്ക്ക് കരുത്തേകും.
എം.ഡി. നിധീഷ്, ഈഡൻ ആപ്പിൾ ടോം, ബേസിൽ എൻ.പി. തുടങ്ങിയവരാണ് ബൗളിങ് നിരയിലുള്ളത്. പരിചയസമ്പന്നരായ ജലജ് സക്സേനയും ആദിത്യ സർവാതെയും അതിഥി താരങ്ങളായി ടീമിലുണ്ട്. സ്വപ്നിൽ അസ്നോദ്കറാണ് കേരള ടീമിന്റെ പരിശീലകൻ.
ഝാർഖണ്ഡിന് പുറമെ ഒഡീഷ, ബംഗാൾ, ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി, സർവീസസ് എന്നീ ടീമുകൾ ഉൾപ്പെടുന്ന ശക്തമായ ഗ്രൂപ്പിലാണ് കേരളം ഇത്തവണ മത്സരിക്കുന്നത്.
കേരള ടീം
വിഷ്ണു വിനോദ് (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), രോഹൻ എസ്. കുന്നുമ്മൽ, അഭിഷേക് ജെ. നായർ, അഭിഷേക് പി. നായർ, സച്ചിൻ ബേബി, അഹമ്മദ് ഇമ്രാൻ, മുഹമ്മദ് അസ്ഹറുദ്ദീൻ (വിക്കറ്റ് കീപ്പർ), സൽമാൻ നിസാർ, വരുണ്‍ നായനാർ (വിക്കറ്റ് കീപ്പർ), ജലജ് സക്സേന, വൈശാഖ് ചന്ദ്രൻ, ആദിത്യ ആനന്ദ് സർവാതെ, അനുരാജ് ജെ.എസ്., അഭിജിത് പ്രവീൺ വി., നിധീഷ് എം.ഡി., ഈഡൻ ആപ്പിൾ ടോം, പവൻ രാജ്, ബേസിൽ എൻ.പി.




