ന്യൂഡൽഹി: 57-ാം ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കും. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിലാണ് യോഗം. സംസ്ഥാനങ്ങളിൽ നിന്നുള്ള ധനമന്ത്രിമാരും മറ്റ് പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. യോഗം രാവിലെ 11 മണിക്ക് ആരംഭിക്കും.
ഇത്തവണത്തെ ജിഎസ്ടി കൗൺസിൽ യോഗത്തിൽ പ്രധാന നികുതി നിരക്കുകളിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം നടന്ന നിരക്ക് പുനഃക്രമീകരണത്തിന് പിന്നാലെ, ഇത്തവണ ജിഎസ്ടി സംവിധാനത്തിലെ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും നികുതിദായകർക്ക് അനുസരണച്ചെലവ് കുറയ്ക്കുന്നതിനുമാണ് പ്രധാന പരിഗണന.
ജിഎസ്ടി രജിസ്ട്രേഷൻ നടപടികൾ ലളിതമാക്കുക, റീഫണ്ടുകൾ വേഗത്തിലാക്കുക, ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കുന്നതിലെ തടസ്സങ്ങൾ കുറയ്ക്കുക തുടങ്ങിയ നിർദേശങ്ങൾ യോഗത്തിൽ പരിഗണിച്ചേക്കും. റിട്ടേൺ സമർപ്പണവും തർക്കപരിഹാര നടപടികളും കൂടുതൽ കാര്യക്ഷമമാക്കുന്നതും അജണ്ടയിലുണ്ട്.
ചെറുകിട-ഇടത്തരം സംരംഭങ്ങൾ, കയറ്റുമതിക്കാർ, ഇ-കൊമേഴ്സ്, ലോജിസ്റ്റിക്സ്, നിർമാണം, വാഹനമേഖല, ഹോസ്പിറ്റാലിറ്റി, ആരോഗ്യപരിചരണം തുടങ്ങിയ വിവിധ മേഖലകളിലെ നികുതി നടപടികൾ ലളിതമാക്കുന്നതിനുള്ള നിർദേശങ്ങളും പരിഗണനയിലുണ്ട്.
ജിഎസ്ടി നിയമപ്രകാരം നികുതി ഉദ്യോഗസ്ഥർക്കുള്ള അറസ്റ്റ് അധികാരത്തിൽ മാറ്റം വരുത്തുന്നതും പ്രധാന ചർച്ചാവിഷയമാണ്. ചില സാഹചര്യങ്ങളിൽ അറസ്റ്റ് നടപടിക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നതും കോടതിയുടെ അനുമതി ആവശ്യമായ രീതിയിലുള്ള മാറ്റങ്ങളും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ നികുതി വെട്ടിപ്പ് തടയുന്നതിനുള്ള എൻഫോഴ്സ്മെന്റ് അധികാരങ്ങൾ കുറയ്ക്കുന്നതിനെതിരെ ചില സംസ്ഥാനങ്ങൾ ആശങ്ക പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
ജിഎസ്ടി വരുമാനവുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആശങ്കകളും സംസ്ഥാനത്തിന്റെ ആവശ്യങ്ങളും യോഗത്തിൽ ഉന്നയിക്കപ്പെടുമെന്നാണ് സൂചന. നികുതി പിരിവ് കാര്യക്ഷമമാക്കുന്നതിനൊപ്പം സംസ്ഥാനങ്ങളുടെ വരുമാന നഷ്ടം കുറയ്ക്കുന്നതിനുള്ള നടപടികളും ചർച്ചയാകാൻ സാധ്യതയുണ്ട്.
കഴിഞ്ഞ വർഷത്തെ പ്രധാന ജിഎസ്ടി നിരക്ക് പുനഃക്രമീകരണത്തിന് ശേഷം നടക്കുന്ന ആദ്യ കൗൺസിൽ യോഗമായതിനാൽ ഇത്തവണ നിരക്ക് മാറ്റങ്ങളേക്കാൾ ജിഎസ്ടി സംവിധാനം കൂടുതൽ ലളിതവും കാര്യക്ഷമവുമാക്കുന്നതിനുള്ള ഘടനാപരമായ പരിഷ്‌കരണങ്ങൾക്കാണ് യോഗം പ്രാധാന്യം നൽകുന്നത്.




