ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സമാജ്‌വാദി പാർട്ടിയുടെ രാജ്യസഭാ സ്ഥാനാർഥി ധൻരാജ് പരിമൾ നഥ്വാനി. രാജ്യപുനർനിർമാണത്തോടുള്ള പ്രതിബദ്ധതയും സ്ഥിരോത്സാഹവും മോദി 25 വർഷമായി നിലനിർത്തിയെന്ന് നഥ്വാനി പറഞ്ഞു. മോദിയുടെ 25 വർഷത്തെ പൊതുസേവനത്തെ അഭിനന്ദിച്ച് എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് നഥ്വാനിയുടെ പ്രതികരണം.
2001ൽ ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതുമുതൽ പൊതുസേവന രംഗത്ത് മോദി 25 വർഷം പൂർത്തിയാക്കിയിരിക്കുകയാണെന്ന് നഥ്വാനി ചൂണ്ടിക്കാട്ടി. ഗുജറാത്തിനെ സേവിക്കുന്നതിൽ നിന്ന് ഇന്ത്യയെ പ്രധാനമന്ത്രിയായി നയിക്കുന്നതിലേക്കുള്ള യാത്രയാണ് മോദിയുടേതെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ രാഷ്ട്രീയ യാത്രയെക്കുറിച്ചുള്ള ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും നഥ്വാനി പങ്കുവെച്ചിട്ടുണ്ട്.
മോദിക്ക് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ആശംസകൾ നേർന്നു. 25 വർഷം ആ സ്ഥാനത്ത് തുടരാൻ മോദി ചില കാര്യങ്ങൾ ശരിയായി ചെയ്തിട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്ന് ഒമർ അബ്ദുള്ള പ്രതികരിച്ചു.
ഉത്തർപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക് ഒഴിവുവരുന്ന 10 സീറ്റുകളിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായതിന് പിന്നാലെയാണ് നഥ്വാനിയുടെ പ്രതികരണം. ബിജെപി എട്ട് സ്ഥാനാർഥികളെയും സമാജ്‌വാദി പാർട്ടി രണ്ട് സ്ഥാനാർഥികളെയുമാണ് മത്സരിപ്പിക്കുന്നത്. നഥ്വാനിക്ക് പുറമെ മുതിർന്ന നേതാവ് റാം ഗോപാൽ യാദവാണ് എസ്‌പി സ്ഥാനാർഥി. 10 സീറ്റുകളിലേക്ക് 10 സ്ഥാനാർഥികൾ മാത്രമാണ് നിലവിലുള്ളത്. അതിനാൽ അപ്രതീക്ഷിതമായി മറ്റൊരു സ്ഥാനാർഥി രംഗത്തെത്തിയില്ലെങ്കിൽ എല്ലാവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും.
റിലയൻസ് ഗ്രൂപ്പ് ഉന്നത ഉദ്യോഗസ്ഥനായ നഥ്വാനിയെ എസ്‌പി സ്ഥാനാർഥിയാക്കിയതും ശ്രദ്ധ നേടിയിരുന്നു. റിലയൻസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവായ പരിമൾ നഥ്വാനിയുടെ മകനാണ് ധൻരാജ് നഥ്വാനി. പരിമൾ നഥ്വാനി രാജ്യസഭാംഗവുമാണ്.



