കൊച്ചി: കളമശ്ശേരി സ്പാ കൂട്ടബലാത്സംഗ കേസിൽ അതിജീവിതയുടെ മൊഴി ഇന്ന് മജിസ്ട്രേറ്റ് രേഖപ്പെടുത്തും. പൊലീസ് ഇന്നലെ രാത്രി അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കേസിൽ ഇനി രണ്ട് പേരെ കൂടി പിടികൂടാനുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവരുടെ വിവരങ്ങളും അതിജീവിത പൊലീസിന് കൈമാറിയിട്ടുണ്ട്.
സംഭവത്തിൽ ലഹരി വസ്തുക്കൾ ഉപയോഗിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ശരീരത്തിൽ എത്തിയതായി പരിശോധനയിൽ കണ്ടെത്തിയെന്നാണ് വിവരം. ലഹരി കലർത്തിയ വെള്ളം കുടിപ്പിച്ചെന്നും അതിജീവിത മൊഴി നൽകിയതായാണ് റിപ്പോർട്ട്.
അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ടുപോകുന്നുണ്ടെന്ന് അതിജീവിതയുടെ ഭർത്താവ് പ്രതികരിച്ചു. കേസിൽ നിന്ന് പിന്മാറുന്നതിനായി പണം വാങ്ങിയെന്ന തരത്തിലുള്ള തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതി ശ്രീരാജിന്റെ ഭാര്യയും സഹോദരിയും തന്നെ കാണാൻ എത്തിയിരുന്നെങ്കിലും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം സംഭവം ഇനി മറ്റാർക്കും ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
അതിജീവിത അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. പ്രതികൾക്ക് ഗുണ്ടാ ബന്ധമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും. സ്പാ ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കുന്നതും പരിഗണനയിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഒക്ടോബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്പായിൽ മാനേജർ ജോലി വാഗ്ദാനം ചെയ്തുള്ള ഓൺലൈൻ പരസ്യം കണ്ടാണ് യുവതി അപേക്ഷിച്ചതെന്നാണ് പൊലീസ് പറയുന്നത്. അഭിമുഖത്തിനായി എത്തിയ യുവതിയെ ജോലി ലഭിച്ചതായി അറിയിച്ച് വീണ്ടും സ്പായിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
തുടർന്ന് സ്പായിൽവെച്ച് യുവതിയെ പ്രതികൾ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. അടുത്ത ദിവസമാണ് യുവതിക്ക് അവിടെനിന്ന് പുറത്തുകടക്കാനായത്. തുടർന്ന് ചികിത്സ തേടുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു.
കേസിൽ ഒന്നാം പ്രതി ശ്രീരാജ്, മൂന്നാം പ്രതി ജിത്ത് മാർട്ടിൻ എന്നിവരെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലായിരുന്ന രണ്ടാം പ്രതി അമ്മു എന്ന ശരണ്യയെയും നാലാം പ്രതി ജിതിനെയും വയനാട് പുൽപ്പള്ളിയിൽനിന്ന് പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
കേസിൽ ഇനി രണ്ട് പ്രതികളെ കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അന്വേഷണം പുരോഗമിക്കുകയാണ്.




