തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനത്ത് നിന്ന് രാജിവെച്ചെന്ന വാർത്തയിൽ വിശദീകരണവുമായി ആർ. ശ്രീലേഖ. മാധ്യമങ്ങൾ താൻ രാജിവെച്ചെന്ന വാർത്ത മൂന്ന്, നാല് ദിവസം ആഘോഷിച്ചതിന് പിന്നിലെ കാര്യം വിശദീകരിക്കാനുണ്ടെന്നും അതിനായി ഞായറാഴ്ച വരെ കാത്തിരിക്കണമെന്നും ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. തിരുവനന്തപുരം ശാസ്തമംഗലം വാർഡിലെ കൗൺസിലറാണ് ആർ. ശ്രീലേഖ.
സെപ്റ്റംബർ 30ന് കൗൺസിലർ സ്ഥാനത്ത് നിന്ന് സ്വകാര്യ കാരണങ്ങളാൽ രാജിവെക്കുന്നതായി മേയർ വി.വി. രാജേഷിന് കത്ത് നൽകിയിരുന്നുവെന്ന് ശാസ്തമംഗലത്തെ ‘കൗൺസിലർ അറിയിപ്പ്’ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ശ്രീലേഖ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ഈ സന്ദേശം പിൻവലിച്ചു.
ശാരീരിക അസ്വസ്ഥതകളാണ് രാജിക്ക് പിന്നിലെ കാരണമെന്നായിരുന്നു പിന്നീട് നേതാക്കളുടെ വിശദീകരണം. പാർട്ടിയോടുള്ള അതൃപ്തിയല്ലെന്നും ആരോഗ്യപ്രശ്നങ്ങളാണ് ശ്രീലേഖയെ രാജിക്ക് പ്രേരിപ്പിച്ചതെന്നുമായിരുന്നു നേതാക്കളുടെ വിശദീകരണം.
നിലവിൽ രാജിക്കാര്യത്തിലെ പ്രതിസന്ധി ഒഴിഞ്ഞെങ്കിലും വാർഡിലെ വോട്ടർമാരെ രാജിവിവരം അറിയിച്ച ശേഷം തീരുമാനം പിൻവലിക്കേണ്ടിവന്നത് ശ്രീലേഖയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. പദവിക്കായി വിലപേശിയെന്ന തരത്തിലുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്.
കൗൺസിലറായി ശ്രീലേഖ ഇനി നാല് വർഷത്തോളം തുടരുമോ, അപ്രതീക്ഷിതമായ രാജി നീക്കങ്ങൾ ഇനിയും ഉണ്ടാകുമോ എന്ന ചോദ്യവും ബിജെപിക്ക് മുന്നിലുണ്ട്. സംഭവത്തിൽ എല്ലാം നാടകം മാത്രമാണെന്ന പരിഹാസവുമായി കോൺഗ്രസും സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്.



