കൊല്ലം: പുനലൂർ സർക്കാർ പോളിടെക്‌നിക് കോളേജിൽ മോർഫിങ് പരാതിയിൽ വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്തു. സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ പകർത്തി മോർഫ് ചെയ്ത് അശ്ലീല വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്തെന്ന പരാതിയിലാണ് മൂന്നാം വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് വിദ്യാർത്ഥി അച്യുത് എസിനെ സസ്‌പെൻഡ് ചെയ്തത്.
വിദ്യാർത്ഥിനികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനും കൈമാറി. പരാതിയിൽ വിദ്യാർത്ഥി കുറ്റകൃത്യം ചെയ്തതായി സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നാണ് വിവരം.
വിദ്യാർത്ഥിനികളുടെ പരാതി പുനലൂർ പൊലീസ് സ്റ്റേഷനിലേക്കും കൈമാറിയിട്ടുണ്ട്. പരാതിക്ക് പിന്നാലെ അക്കാദമിക് കൗൺസിൽ യോഗം ചേർന്ന് വിദ്യാർത്ഥിയെയും രക്ഷിതാവിനെയും വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. ഇതിനിടെയാണ് ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്തതായി അച്യുത് സമ്മതിച്ചതെന്നാണ് വിവരം.
സംഭവത്തിന് കാക്കനാട് ഭാരത് മാതാ കോളേജിൽ നടന്ന മോർഫിങ് കേസിന് സമാനമായ വ്യാപ്തിയുണ്ടോ ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കും. ഉടൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുമെന്നാണ് വിവരം.




