കൊച്ചി: കെഎഫ്സി വായ്പാ തട്ടിപ്പ് കേസിലെ വിജിലൻസ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ എംഎൽഎ പി.വി. അൻവർ നൽകിയ ഹർജി ഹൈക്കോടതി വീണ്ടും തള്ളി. ഇത് രണ്ടാം തവണയാണ് അൻവറിന്റെ ആവശ്യം ഹൈക്കോടതി തള്ളുന്നത്. കെഎഫ്സിക്ക് 22.30 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ആരോപണത്തിലാണ് അൻവറിനെയും ഉദ്യോഗസ്ഥരെയും പ്രതികളാക്കി വിജിലൻസ് കേസെടുത്തത്.
വായ്പാ ക്രമക്കേടിലൂടെ 22.30 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. വിജിലൻസ് കേസിന് പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എഫ്ഐആർ റദ്ദാക്കുന്നത് സ്വതന്ത്ര അന്വേഷണത്തെ ബാധിക്കുമെന്നും പരാതിക്കാരനായ മുരുഗേഷ് നരേന്ദ്രൻ ഹൈക്കോടതിയെ അറിയിച്ചു. അൻവറിനെതിരായ തെളിവുകളും കോടതിയിൽ ഹാജരാക്കി.
ഇതോടെ ഹർജിയുമായി മുന്നോട്ടുപോകുന്നില്ലെന്ന് അൻവറിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന് ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു. ഇക്കഴിഞ്ഞ മാർച്ചിലും സമാന ആവശ്യമുന്നയിച്ച് അൻവർ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളിയിരുന്നു.
കെഎഫ്സി വായ്പാ ക്രമക്കേടുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ജൂലൈ 29നാണ് അൻവർ ഉൾപ്പെടെയുള്ളവർക്കെതിരെ തിരുവനന്തപുരം വിജിലൻസ് കേസെടുത്തത്. കേരള ഫിനാൻസ് കോർപ്പറേഷൻ മലപ്പുറം ബ്രാഞ്ച് ചീഫ് മാനേജർ അബ്ദുൽ മനാഫ്, ഡെപ്യൂട്ടി മാനേജർ മിനി, ജൂനിയർ ടെക്നിക്കൽ ഓഫീസർ മുനീർ അഹമ്മദ് പി., പി.വി. അൻവർ, അൻവറിന്റെ ഡ്രൈവറും മാലംകുളം കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഡയറക്ടറുമായ സിയാദ് എന്നിവരെയാണ് കേസിൽ ഒന്ന് മുതൽ അഞ്ച് വരെ പ്രതികളാക്കിയത്.




