തിരുവനന്തപുരം: മന്ത്രി ഒ. ജെ. ജനീഷിന്റെ കീഴിലുള്ള പുരാരേഖ വകുപ്പിൽ വാച്ച്മാൻ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് വിവാദം. ഈ മാസം 13ന് അഭിമുഖം നടത്താനിരിക്കെ, മൂന്നാം തീയതി ജെഫിർ കെ. ബി. എന്നയാളെ താൽക്കാലിക വാച്ച്മാനായി നിയമിച്ചതായാണ് റിപ്പോർട്ട്.
പുരാരേഖ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടന്നതെന്നാണ് വിവരം. വൈക്കം സത്യാഗ്രഹ ഗാന്ധി സ്മാരക മ്യൂസിയത്തിലെ താൽക്കാലിക വാച്ച്മാൻ തസ്തികയിലാണ് നിയമനം.
ജൂലൈ ഏഴിന് കോട്ടയം എംപ്ലോയ്മെന്റ് ഓഫീസർ കൈമാറിയ ആറ് പേരുടെ പട്ടികയിൽ നിയമനം ലഭിച്ച ജെഫിർ കെ. ബി.യുടെ പേര് ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്.
അഭിമുഖം നടക്കുന്നതിന് ദിവസങ്ങൾക്കുമുമ്പ് തന്നെ നിയമനം നൽകിയതും എംപ്ലോയ്മെന്റ് ഓഫീസിൽ നിന്നുള്ള പട്ടികയിൽ പേര് ഉൾപ്പെടാതിരുന്നതുമാണ് ഇപ്പോൾ ചോദ്യങ്ങൾ ഉയരാൻ കാരണം.
നിയമനവുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തുവന്നതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. നിയമന നടപടികളിൽ ചട്ടങ്ങൾ പാലിച്ചിരുന്നോയെന്നതടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത ആവശ്യമാണ്. സംഭവത്തിൽ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല. :



