ന്യൂഡൽഹി: ഇൻഡിഗോയ്ക്ക് പിന്നാലെ ഇന്ധന സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യയും. എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും പുതുക്കിയ നിരക്കുകൾ ഒക്ടോബർ 9 മുതൽ പ്രാബല്യത്തിൽ വരും. ആകാശ എയറും ഇന്ധന സർചാർജ് വർധിപ്പിച്ചിട്ടുണ്ട്. വിമാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ (എടിഎഫ്) വില വർധിച്ചതാണ് നിരക്ക് കൂട്ടാൻ വിമാനക്കമ്പനികളെ പ്രേരിപ്പിച്ചത്.
യാത്രാദൂരത്തിനും റൂട്ട് വിഭാഗത്തിനും അനുസരിച്ചാണ് പുതിയ സർചാർജ് ഈടാക്കുക. ആഭ്യന്തര യാത്രകൾക്ക് 400 രൂപ മുതൽ 1,200 രൂപ വരെയാണ് എയർ ഇന്ത്യയുടെ പുതുക്കിയ ഇന്ധന സർചാർജ്. 500 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് 400 രൂപയും 1,000 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് 600 രൂപയും ഈടാക്കും. 1,500 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് 850 രൂപയും 2,000 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് 1,200 രൂപയുമാണ് സർചാർജ്.
അന്താരാഷ്ട്ര സർവീസുകളിലും ഇന്ധന സർചാർജ് വർധിപ്പിച്ചിട്ടുണ്ട്. റൂട്ട് അനുസരിച്ചാണ് പുതുക്കിയ നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്.
500 കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്കും ഇന്ധന സര്‍ചാര്‍ജ് 400 രൂപയാണ്. അതേസമയം ആയിരം കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്ക് 600 രൂപ, 1500 കിലോമീറ്ററിന് 850 രൂപ, 2000 കിലോമീറ്ററിന് 1200 രൂപ എന്നിങ്ങനെയാണ് നിരക്ക് ഈടാക്കുക. വിദേശയാത്രകളില്‍ പശ്ചിമേഷ്യന്‍ യാത്രയ്ക്ക് 55 ഡോളര്‍, യൂറോപ്പ് 135 ഡോളര്‍, ഓസ്‌ട്രേലിയ 210 ഡോളര്‍, വടക്കന്‍ അമേരിക്ക 215 ഡോളര്‍ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാർക്ക് വിമാന ടിക്കറ്റിനായി കൂടുതൽ തുക ചെലവഴിക്കേണ്ടിവരും.
ഒക്ടോബർ അഞ്ചിനാണ് ഇൻഡിഗോ ഇന്ധന സർചാർജ് വർധിപ്പിച്ചത്. ആഭ്യന്തര സർവീസുകളിൽ യാത്രാദൂരമനുസരിച്ച് 375 രൂപ മുതൽ 1,300 രൂപ വരെ അധികമായി ഈടാക്കും. അന്താരാഷ്ട്ര സർവീസുകളിലും സർചാർജ് വർധിപ്പിച്ചിട്ടുണ്ട്.
മിഡിൽ ഈസ്റ്റിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ കാരണം വിമാന ഇന്ധനവിലയിൽ വലിയ ചാഞ്ചാട്ടമുണ്ടാകുന്നതായി ഇൻഡിഗോ നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് എടിഎഫ് വിലയിൽ 14 ശതമാനത്തിലധികം വർധനയുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ഇന്ധനച്ചെലവിലെ വർധനയാണ് നിരക്ക് പരിഷ്കരിക്കാനുള്ള പ്രധാന കാരണമായി വിമാനക്കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ സെപ്റ്റംബറിൽ കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നതിനും മുതിർന്നവരില്ലാതെ യാത്ര ചെയ്യുന്ന കുട്ടികൾക്കും അധിക ലഗേജിനുമടക്കമുള്ള വിവിധ അനുബന്ധ സേവനങ്ങളുടെ നിരക്ക് ഇൻഡിഗോ വർധിപ്പിച്ചിരുന്നു.
ആഭ്യന്തര യാത്രയിൽ കൈക്കുഞ്ഞുമായി യാത്ര ചെയ്യുന്നതിനുള്ള നിരക്ക് 2,200 രൂപയിൽനിന്ന് 3,000 രൂപയായി ഉയർത്തി. മുതിർന്നവരില്ലാതെ യാത്ര ചെയ്യുന്ന കുട്ടികൾക്കുള്ള നിരക്ക് ആഭ്യന്തര സർവീസുകളിൽ 5,999 രൂപയും അന്താരാഷ്ട്ര സർവീസുകളിൽ 12,999 രൂപയുമാണ്. ‘ഫാസ്റ്റ് ഫോർവേഡ്’ സേവനത്തിന് 650 രൂപയും യാത്രാ സർട്ടിഫിക്കറ്റിന് 300 രൂപയും ഈടാക്കുന്നുണ്ട്.
ഇന്ധനച്ചെലവിലെ വർധനയും അനുബന്ധ സേവനങ്ങളുടെ നിരക്ക് പരിഷ്കരണവും വിമാനയാത്രക്കാരുടെ മൊത്തം യാത്രാച്ചെലവ് ഉയർത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്.




