റിയാദ്: സൗദി അറേബ്യയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കണമെന്ന് റിയാദിലെ ഇന്ത്യൻ എംബസി നിർദേശിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമെങ്കിൽ സുരക്ഷ മുൻനിർത്തി വീടുകളിൽ തന്നെ തുടരണമെന്നും എംബസി അറിയിച്ചു.
പ്രാദേശിക ഭരണകൂടങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണം. നിലവിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളും വാർത്തകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയോ വീണ്ടും പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും എംബസി മുന്നറിയിപ്പ് നൽകി. ഇത്തരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് പ്രവാസികൾ വിട്ടുനിൽക്കണമെന്നും നിർദേശമുണ്ട്.
അതേസമയം, റിയാദിലെ ഇന്ത്യൻ എംബസി, ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്, വി.എഫ്.എസ് വഴിയുള്ള സേവനങ്ങൾ എന്നിവ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. സാഹചര്യത്തിനനുസരിച്ച് കൂടുതൽ നിർദേശങ്ങൾ പിന്നീട് പുറപ്പെടുവിക്കും. പ്രവാസികൾക്ക് സഹായം ആവശ്യമായി വന്നാൽ പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സൗജന്യ ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാം.
ഹെൽപ്പ് ലൈൻ നമ്പർ: 8002471234
ഔദ്യോഗിക വിവരങ്ങൾക്കും പുതിയ നിർദേശങ്ങൾക്കുമായി ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക സമൂഹമാധ്യമ പേജുകൾ പരിശോധിക്കണമെന്നും അധികൃതർ അറിയിച്ചു.



