ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിമൂന്നാം സീസണിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ വൈകിട്ട് അഞ്ചിന് ബെംഗളൂരു എഫ്‌സി, സ്പോർട്ടിങ് ക്ലബ് ദില്ലിയെ നേരിടും. രാത്രി 7.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ എഫ്‌സി ഗോവയും ചെന്നൈയിൻ എഫ്‌സിയും ഏറ്റുമുട്ടും. കഴിഞ്ഞ സീസണിലെ പ്രതിസന്ധികൾക്കും അനിശ്ചിതത്വങ്ങൾക്കും പിന്നാലെ പുതിയ പ്രതീക്ഷകളുമായാണ് ഇന്ത്യൻ ഫുട്ബോളിന്റെ പ്രധാന ലീഗ് പന്തുരുളാൻ ഒരുങ്ങുന്നത്.
ആരാധകരുടെ ആവേശം വീണ്ടെടുക്കുകയെന്ന വലിയ വെല്ലുവിളിയും ഇത്തവണ ഐഎസ്എല്ലിന് മുന്നിലുണ്ട്. പതിമൂന്ന് ടീമുകൾ പങ്കെടുക്കുന്ന ദൈർഘ്യമേറിയ സീസണിൽ ഹോം, എവേ ഫോർമാറ്റിലായി ആകെ 163 മത്സരങ്ങളാണ് നടക്കുക. അടുത്ത വർഷം മേയ് വരെ നീളുന്ന സീസണിന്റെ ആദ്യഘട്ടത്തിൽ വാരാന്ത്യങ്ങളിൽ മാത്രമായിരിക്കും മത്സരങ്ങൾ.
ജംഷഡ്പൂർ എഫ്‌സിക്ക് പകരം ചർച്ചിൽ ബ്രദേഴ്‌സ് ഇത്തവണ ഐഎസ്എല്ലിന്റെ ഭാഗമാകും. ലീഗ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീമിന് ഐഎസ്എൽ ഷീൽഡും ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിലേക്കുള്ള യോഗ്യതയും ലഭിക്കും. പോയിന്റ് പട്ടികയിലെ ആദ്യ ആറ് സ്ഥാനക്കാർ പ്ലേഓഫിലേക്കും മുന്നേറും.
ബ്ലാസ്റ്റേഴ്‌സിന് പുതിയ പ്രതീക്ഷകൾ
ഐഎസ്എൽ ആവേശത്തിനൊപ്പം കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സീസണിനായുള്ള കാത്തിരിപ്പിലാണ് മലയാളി ഫുട്ബോൾ ആരാധകർ. പുതിയ ഉടമകൾ എത്തിയതോടെ ക്ലബ്ബും ആരാധകരും തമ്മിലുള്ള അകൽച്ച കുറയുമെന്ന പ്രതീക്ഷയും ശക്തമാണ്.
നാളെ വൈകിട്ട് നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്റർ കാശിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. പുതിയ ഉടമസ്ഥതയിൽ കൂടുതൽ വിദേശതാരങ്ങളെ ടീമിലെത്തിച്ച ബ്ലാസ്റ്റേഴ്‌സ് മികച്ച തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണ തന്നെയാണ് ടീമിന്റെ പ്രധാന ആകർഷണം.
ഏകദേശം 22 കോടി രൂപ ചെലവഴിച്ച് പുതിയൊരു തുടക്കത്തിനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നത്. പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡിലും ആരാധകർക്ക് വലിയ പ്രതീക്ഷയുണ്ട്. കൊൽക്കത്തൻ വമ്പന്മാരും ബെംഗളൂരു എഫ്‌സിയും ഉൾപ്പെടെ കരുത്തരായ ടീമുകൾ അണിനിരക്കുന്ന ലീഗിൽ ഇത്തവണ മികച്ച പ്രകടനം പുറത്തെടുക്കുകയാണ് മഞ്ഞപ്പടയുടെ ലക്ഷ്യം.
പുതിയ സീസണിൽ കളത്തിലെ പ്രകടനത്തിലൂടെ ആരാധകരുടെ വിശ്വാസം തിരിച്ചുപിടിക്കാനാകുമോയെന്നാണ് ഇനി അറിയേണ്ടത്.




