കൊല്ലം: മയക്കുമരുന്നുമായി മുൻ പൊലീസ് ഡ്രൈവറെ എക്സൈസ് സംഘം പിടികൂടി. കരുനാഗപ്പള്ളി ആദിനാട് സ്വദേശി ബക്കറാണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2.186 ഗ്രാം എംഡിഎംഎയും 21 ഗ്രാം കഞ്ചാവും കൊല്ലം എക്സൈസ് സ്ക്വാഡ് പിടിച്ചെടുത്തു.
പൊലീസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ബക്കർ, 26 കിലോ കഞ്ചാവ് കടത്തിയ കേസിൽ പ്രതിയായതിനെ തുടർന്ന് ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടയാളാണ്. ജോലിയിൽ നിന്ന് പുറത്തായ ശേഷവും ഇയാൾ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നതായാണ് എക്സൈസിന്റെ കണ്ടെത്തൽ.
അടുത്തിടെ സ്വന്തം നാട്ടിൽ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് സംഘം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്നാണ് പരിശോധന നടത്തി പിടികൂടിയത്.
കൊല്ലം എക്സൈസ് സ്ക്വാഡ് ഇൻസ്പെക്ടർ സാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പരിശോധനകൾക്ക് കരുനാഗപ്പള്ളി സിഐ ഷാജി നേതൃത്വം നൽകി. പ്രതിക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




