ചെന്നൈ: ധാരാപുരം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം (ടിവികെ) നേടിയ വിജയത്തിനെതിരെ വിമർശനവുമായി ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ. വഞ്ചനയിലൂടെയാണ് ടിവികെ വിജയം നേടിയതെന്നും ജനാധിപത്യത്തെ കശാപ്പുചെയ്തെന്നും സ്റ്റാലിൻ ആരോപിച്ചു. ഈ വിജയം താൽക്കാലികം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സ്ത്രീകളെ അപമാനിക്കുന്ന പരാമർശങ്ങൾക്കുള്ള മറുപടിയാണ് ജനവിധിയെന്ന് ടിവികെ നേതാവ് വിജയ് പ്രതികരിച്ചു. ധാരാപുരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ടിവികെ സ്ഥാനാർഥി പി. സത്യഭാമയെ സ്റ്റാലിൻ പരിഹസിച്ചത് വിവാദമായിരുന്നു. ഈ പരാമർശം സ്ത്രീകളോടുള്ള ഡിഎംകെയുടെ സമീപനമാണ് വ്യക്തമാക്കുന്നതെന്ന് ടിവികെ അന്ന് വിമർശിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ച് മാസത്തിനുള്ളിൽ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നതിനെ സ്റ്റാലിൻ ചോദ്യം ചെയ്തു. രണ്ട് എംഎൽഎമാർ രാജിവെച്ച് ഭരണകക്ഷിയിൽ ചേർന്നതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
സർക്കാർ സംവിധാനങ്ങളും സാമ്പത്തിക സ്രോതസ്സുകളും പൊലീസിനെയും ടിവികെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചുവെന്നും സ്റ്റാലിൻ ആരോപിച്ചു. സിനിമയിലെ ജനപ്രീതിയെ ആശ്രയിച്ചാണ് വിജയ് രാഷ്ട്രീയത്തിൽ മുന്നേറുന്നതെന്നും അദ്ദേഹം വിമർശിച്ചു. വിജയ് നടത്തിയ പ്രചാരണ പരിപാടികളെയും സ്റ്റാലിൻ പരിഹസിച്ചു.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ സൗകര്യം വിപുലീകരിക്കുന്നതടക്കമുള്ള ക്ഷേമപദ്ധതികൾ ടിവികെ സർക്കാർ പ്രഖ്യാപിച്ചതായും സ്റ്റാലിൻ ആരോപിച്ചു. ‘തായ്മാമൻ തങ്കമോതിരം’, ‘അണ്ണാ സീർ’ തുടങ്ങിയ പദ്ധതികൾ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ധാരാപുരം പട്ടികജാതി സംവരണ മണ്ഡലത്തിൽ ടിവികെ സ്ഥാനാർഥി പി. സത്യഭാമ 9,471 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഡിഎംകെയുടെ സുഗന്യയെ പരാജയപ്പെടുത്തിയത്. ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഇരു പാർട്ടികളും തമ്മിലുള്ള രാഷ്ട്രീയ പോര് ശക്തമായിരിക്കുകയാണ്.




