ന്യൂഡൽഹി: ജന്തർ മന്തറിലേക്ക് പ്രതിഷേധം നടത്തിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെ ദില്ലി പൊലീസ് കരുതൽ തടങ്കൽ കേന്ദ്രത്തിലെത്തിക്കുന്നതിൽ കാലതാമസം വരുത്തിയെന്ന് ആരോപണം. ആദ്യം നഗരത്തിലൂടെ ചുറ്റിച്ചശേഷം ഛത്രസാൽ സ്റ്റേഡിയത്തിലെ കരുതൽ തടങ്കൽ കേന്ദ്രത്തിലെത്തിച്ചു. പിന്നീട് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയെന്നും എവിടേക്കാണെന്ന് പൊലീസ് അറിയിച്ചിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു. പിണറായി വിജയന്റെ ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പൊലീസ് പരിഗണിച്ചില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി ആരോപിച്ചു.
പിണറായി വിജയൻ, ജോൺ ബ്രിട്ടാസ്, കെ.എൻ. ബാലഗോപാൽ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത് രണ്ട് മണിക്കൂർ പിന്നിട്ടിട്ടും കരുതൽ തടങ്കൽ കേന്ദ്രത്തിലെത്തിക്കാതെ നഗരത്തിലൂടെ കൊണ്ടുനടന്നെന്നാണ് നേതാക്കളുടെ ആരോപണം. ആദ്യം എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് പൊലീസ് അറിയിച്ചില്ലെന്നും പിന്നീട് ഛത്രസാൽ സ്റ്റേഡിയത്തിലെത്തിച്ചശേഷം വീണ്ടും മറ്റൊരിടത്തേക്ക് കൊണ്ടുപോകുകയായിരുന്നെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
പൊലീസിന്റെ നടപടി പകപോക്കൽ രീതിയിലുള്ളതാണെന്നും നേതാക്കൾ പ്രതികരിച്ചു.




